എ കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും;മുഖ്യമന്ത്രി

തിരുവനന്തപുരം : എ കെ ശശീന്ദ്രന് എതിരെ ഉയര്‍ന്ന ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അന്വേഷിക്കണം എന്നത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളും അന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ ധാര്‍മികതയുടെ പേരിലാണ് മന്ത്രി രാജിവെച്ചത്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മന്ത്രിയായി തുടരുന്നത് ശരിയല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പൊതുസമൂഹം ഈ നിലപാട് സ്വാഗതം ചെയ്തു.

ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രാഥമിക അന്വേഷണംപോലും നടക്കുന്നതിന് മുന്‍പ് രാജി പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണ്.  വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ പേരിലും രാജി ഉണ്ടാകുമെന്നതിനാലാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ ധാര്‍മികത ഉയര്‍ത്തി താന്‍ രാജിവെക്കുകയാണെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. അതിനാല്‍ തന്നെ മന്ത്രിയുടെ തീരുമാനം തിരുത്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.