എസ് എസ് എല്‍ സി: വിജയത്തില്‍ മനംനിറഞ്ഞ് തീരദേശ വിദ്യാലയങ്ങള്‍

താനൂര്‍: തീരദേശത്തെ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിള്‍ എസ് എസ് എസ് സിക്ക് മികച്ച വിജയം കൊയ്തു. മേഖലയിലെ പുതിയ മുന്നേറ്റം തീരദേശ മേഖലയെ ആഹ്ലാദത്തിമിര്‍പ്പിലാക്കി. 8 ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ 4 വിദ്യാലയങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ആണ് മികച്ച വിജയ ശതമാനം കൈവരിച്ചത്. 92 ശതമാനം വിജയവുമായാണ് ഇത്തവണ സ്‌കൂളിന്റെ മുന്നേറ്റം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി വിദഗ്ദ പരിശീലനവും ജനകീയ കൂട്ടായ്മയോടെയുള്ള പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് വിദ്യാലയത്തിന് തുണയായത്. പ്രയത്‌നത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് രക്ഷിതാക്കളും സഹകരിച്ചതോടെ ദേവധാര്‍ തീരദേശത്തിന്റെ അഭിമാനമായി മാറുകയായിരുന്നു.

935 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 855 വിദ്യാര്‍ഥികളും തുടര്‍ പഠനത്തിനുള്ള യോഗ്യത നേടി. കഴിഞ്ഞ തവണ 88 ആയിരുന്നു വിജയ ശതമാനം. 5 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത് സ്‌കൂളിന്റെ കഠിനാധ്വാനത്തിന് മാറ്റുകൂട്ടി. കാട്ടിലങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 88 ശതമാനം ആണ് വിജയം. 192 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 168 പേര്‍ തുടര്‍പഠനത്തിനുള്ള യോഗ്യരായി. കഴിഞ്ഞ വര്‍ഷം 96 ശതമാനം ആയിരുന്നു വിജയം. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ 79 ശതമാനം വിജയം വരിച്ചു. 29 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 23 വിദ്യാര്‍ഥികളാണ് വിജയം കണ്ടത്. കഴിഞ്ഞ വര്‍ഷം ഇവിടെ 26 പേര്‍ പരീക്ഷ എഴുതിയതില്‍ 23 പേരും വിജയിച്ചിരുന്നു. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ഇവിടെ പരാധീനതകള്‍ മറികടന്നാണ് ഇവരുടെ വിജയമെന്നത് മാറ്റുകൂട്ടുന്നു.
നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 87 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 474 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ഇവിടെ നാല് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം 83 ശതമാനമായിരുന്നു ഇവര്‍ നേടിയത്.