എസ്‌ഐയുടെ അസഭ്യവര്‍ഷം: പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: വാഹനപരിശോധനക്കിടെ ‘ദേശാഭിമാനി’യിലെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ കെ ഷെമീറിനെ മലപ്പുറം എസ്‌ഐ അസഭ്യം പറഞ്ഞ പരാതിയില്‍ വകുപ്പ്തല അന്വേഷണം തുടങ്ങി. ഡിവൈഎസ്പിമാരായ എം പി മോഹനചന്ദ്രന്‍, എസ് അഭിലാഷ് എന്നിവര്‍ ഷെമീറില്‍ നിന്ന് മൊഴിയെടുത്തു.
കഴിഞ്ഞമാസം 17നാണ് മലപ്പുറം പെട്രോള്‍ പമ്പിനുസമീപത്ത്‌വച്ച് മലപ്പുറം എസ്‌ഐ എം പി സന്ദീപ്കുമാര്‍ ഷെമീറിനോട് അപമര്യാദയായി പെരുമാറിയത്. എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ അതുവഴിയെത്തിയ ഷെമീറിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഹെല്‍മെറ്റ് ധരിക്കാതിരുന്ന ഷെമീര്‍ പിഴയടയ്ക്കാനായി എസ്‌ഐയുടെ സമീപത്തേക്ക് നടക്കുന്നതിനിടെ പരിചയക്കാരനായ പൊലീസുകാരനോട് സംസാരിച്ചതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്.

യാതൊരു പ്രകോപനവുമില്ലാതെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ എസ്‌ഐ തെറി വിളിക്കുകയായിരുന്നു. നൂറുരൂപ പിഴ ഈടാക്കിയശേഷവും എസ്‌ഐ തെറിവിളി നിര്‍ത്തിയില്ല. തുടര്‍ന്ന് ഡിജിപി, ഉത്തരമേഖലാ എഡിജിപി, ഐജി, ജില്ലാ പൊലീസ് ചീഫ്, ഡിവൈഎസ്പി എന്നിവര്‍ക്ക് ഷെമീര്‍ പരാതിനല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം.

എസ്‌ഐയുടെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെയും ലഭിച്ചിട്ടുണ്ട്.