എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

SSLC Studentsതിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,74,286 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.

സംസ്ഥാനത്തെ 3038 സ്‌കൂളുകളില്‍ നിന്നായാണ് 4,74,286 വിദ്യാര്‍ഥികള്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,41,192 ആണ്‍കുട്ടികളും ,2,33,094 പെണ്‍കുട്ടികളും. ഗള്‍ഫില്‍ ഉള്‍പ്പടെ 2903 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഉച്ചക്ക് 1.45 മുതലാണ് പരീക്ഷ. തിരൂരങ്ങാടി എടരിക്കോട് പികെഎംഎംഎച്ച്എസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2347 വിദ്യാര്‍ഥികള്‍. തിരുവനന്തപുരം പട്ടം സെന്റ് മേരീസില്‍ 1647 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പെരിഞ്ചാംകുട്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലും, ബേപ്പൂര്‍ വിഎച്ച്എസ്എസിലും മൂന്ന് വിദ്യാര്‍ത്ഥികള്‍ വീതം മാത്രമാണ് പരീക്ഷ എഴുതുന്നത്. മലപ്പുറം ജില്ലയിലാണ് ഏററവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 83315 പേര്‍. കുറവ് പത്തനംതിട്ടയില്‍ 12451 പേര്‍.

പരീക്ഷ 23ന് അവസാനിക്കും. 53 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ഏപ്രില്‍ 16ന് മുന്‍പ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി 25ന് ഫലപ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷമുണ്ടായ ആശയകുഴപ്പങ്ങള്‍ കണക്കിലെടുത്ത് സൂക്ഷമമായാണ് പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും ക്രമീകരിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 9.33 ലക്ഷം വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ഇത്തവണ ഹയര്‍സെക്കന്ററി പരീക്ഷയുടെ ഉത്തരസൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.