എസ്എസ്എല്‍സി: വിജയം 95.98 ശതമാനം

തിരുവനന്തപുരം :എസ്എസ്എല്‍സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം 96.59 ശതമാനമായിരുന്നു. ഇത്തവണ റഗുലര്‍ വിഭാഗത്തില്‍ 4,55,453 വിദ്യാര്‍ഥികളില്‍ 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. 20,967 പേര്‍ എല്ലാ വിഷയത്തിനും എപ്ളസ് നേടി.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഒരാളുടെപോലും ഫലം തടഞ്ഞുവയ്ക്കാതെ റഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം ഒന്നിച്ചു പ്രസിദ്ധീകരിക്കുന്നത് ആദ്യമാണ്. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ എണ്ണവും വര്‍ധിച്ചു. പരീക്ഷാബോര്‍ഡ് തീരുമാനപ്രകാരം ഇത്തവണയും മോഡറേഷന്‍ നല്‍കിയില്ല. 85,878 കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1174 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇവയില്‍ 405 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. കഴിഞ്ഞ തവണ ഇത് 377 സ്കൂളായിരുന്നു. ഹിയറിങ് ഇംപെയേഡ് വിഭാഗംകൂടി ഉള്‍പ്പെടുത്തുമ്പോള്‍ നൂറുമേനി സ്കൂളുകളുടെ എണ്ണം 1200 ആകും.

സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ച് 100 ശതമാനം വിജയം നേടിയത് കോഴിക്കോട് ചാലപ്പുറം ഗവ. ഹൈസ്കൂളാണ് (377). എയ്ഡഡ് സ്കൂളുകളില്‍ മലപ്പുറം കോട്ടൂര്‍ എകെഎംഎച്ച്എസ്എസാണ് (854). പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂജില്ല. (98.82 ശതമാനം). വിജയശതമാനം കുറഞ്ഞ റവന്യൂജില്ല വയനാട് (89.65). വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസജില്ല കടുത്തുരുത്തി (99.36). ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസജില്ല വയനാട് (89.65). ഏറ്റവും കൂടുതല്‍ എപ്ളസ്  നേടിയ സ്കൂള്‍ മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്(186)ഉം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ സര്‍ക്കാര്‍ സ്കൂള്‍ മലപ്പുറം താനൂര്‍ ദേവധാര്‍ എച്ച്എസ്എസ്(913)ഉം ആണ്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ എയ്ഡഡ് സ്കൂള്‍ മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്ആണ്(2233). പട്ടികജാതി വിദ്യാര്‍ഥികളുടെ വിജയശതമാനം  91.95. പട്ടികവര്‍ഗവിഭാഗത്തില്‍  82.55. മറ്റു പിന്നോക്കവിഭാഗങ്ങളുടെ വിജയശതമാനം  96.28. ഗള്‍ഫ് വിദ്യാര്‍ഥികളുടെ വിജയശതമാനം 98.64 ഉം ലക്ഷദ്വീപില്‍ 75.85 ശതമാനവുമാണ്.

പഴയ സ്കീമില്‍ 2611 പേര്‍ എഴുതിയതില്‍ 1385 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 53.0.  ഹിയറിങ് ഇംപെയേഡ് വിഭാഗത്തില്‍ 297 പേര്‍ പരീക്ഷ എഴുതിയതില്‍ 294 പേരും വിജയിച്ചു (98.98 ശതമാനം). ടിഎച്ച്എസ്എല്‍സിയില്‍ 49 സ്കൂളുകളില്‍നിന്ന് റഗുലറില്‍ 3363 പേര്‍ പരീക്ഷ എഴുതിയതില്‍ 3321 പേര്‍ വിജയിച്ചു. 114 പേര്‍ മുഴുവന്‍ എപ്ളസ് നേടി. കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറിയില്‍ 79 പേര്‍ എഴുതിയതില്‍ 67 പേര്‍ ഉപരിപഠനാര്‍ഹരായി.