എല്ലാ സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബുകള്‍ ആരംഭിക്കും

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബുകള്‍ ആരംഭിക്കുമെന്ന്‌ എക്‌സൈസ്‌ എല്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗം അറിയിച്ചു. എ.ഡി.എം. എം.ടി.ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വ്യാജമദ്യ നിര്‍മാര്‍ജന ജനകീയ സമിതി യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. അധ്യയന വര്‍ഷാരംഭമായ ജൂണ്‍ ഒന്നിന്‌ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലാനും തീരുമാനിച്ചു.
എക്‌സൈസ്‌ വകുപ്പ്‌ ഏപ്രിലില്‍ നടത്തിയ 556 റെയ്‌ഡുകളില്‍ 82 അബ്‌കാരി കേസുകളും ആറ്‌ നര്‍കോട്ടിക്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ സൈക്കോട്രോപ്പിക്‌ സബ്‌സ്റ്റന്‍സസ്‌ (എന്‍.ഡി.പി.എസ്‌) കേസുകളും കണ്ടെത്തിയതായി എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗം അറിയിച്ചു. വിവിധ കേസുകളിലായി 82 പേരെ അറസ്റ്റു ചെയ്യുകയും ആറ്‌ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, കഞ്ചാവ്‌, ബിയര്‍ എന്നിവയും പിടിച്ചെടുത്തു.

മുന്നിയൂര്‍ കളിയാട്ടക്കാവില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന കഴിഞ്ഞ യോഗത്തിന്റെ ആവശ്യ പ്രകാരം പരിശോധന നടത്തിയതായും ഒരു അബ്‌കാരി കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാഞ്ഞിയൂര്‍, പട്ടേരി എന്നിവിടങ്ങളില്‍ റെയ്‌ഡുകള്‍ നടത്തിയെങ്കിലും കേസുകള്‍ കണ്ടെത്താനായില്ല. കള്ള്‌ ഷാപ്പുകളും വിദേശമദ്യശാലകളും വൈദ്യശാലകളും നിരവധി തവണ പരിശോധിച്ച്‌ കള്ളിന്റെ 180 ഉം വിദേശമദ്യത്തിന്റെ രണ്ടും അരിഷ്‌ടത്തിന്റെ രണ്ടും സാംപിളുകള്‍ പരിശോധനയ്‌ക്കെടുത്തു. ജില്ലയില്‍ 21 ലഹരി വിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിരോധിത ലഹരി ഉത്‌പ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാണെന്നും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ ഇവര്‍ക്കിടയില്‍ കര്‍ശന പരിശോധന നടത്തണമെന്നും ജനകീയ സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തിരൂര്‍ ബസ്‌ സ്റ്റാന്‍ഡ്‌ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‌പന വ്യാപകമാണെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. ലഹരി വിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌കൂളുകളും പി.ടി.എ. കളും മുന്നോട്ട്‌ വരണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ കൂടുതല്‍ സഹകരണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.