എയര്‍ ഇന്ത്യയുടെ ‘വിമാനറാഞ്ചല്‍’.

തിരു : അബുദാബിയില്‍ നിന്ന് കൊച്ചിയി്‌ലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്നലെ രാത്രി ദുബൈല്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം കാലാവസ്ഥാ മാറ്റം മുലം തിരുവനന്തപുരത്തിറക്കിയതോടെയാണ് പ്രശനത്തിന് തുടക്കം. തിരുവന്തപുരത്തിറക്കി വിമാനം കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചുവെങ്കിലും പിന്നീട് യാത്രക്കാരെ ബസ്സുകളില്‍ ് കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാല്‍ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ല. ഇതിനിടെ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വരെ നിഷേധിച്ചതോടെ വിഷയം ഗുരുതരമാവുകയായിരുന്നു. പിന്നീട് പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ അത് തടഞ്ഞു. ഇതെ തുടര്‍ന്ന് പൈലറ്റ് കോക്പിറ്റില്‍ കയറി യാത്രക്കാര്‍ വിമാനം റാഞ്ചുന്നു എന്ന തെറ്റായ സന്ദേശം അയക്കുുകയായിരുന്നു. ഉടന്‍ തന്നെ സിആര്‍പിഎഫും, ഫയര്‍ഫോഴ്‌സുമടക്കം വിമാനം വളയുകയായിരുന്നു. വിമാനത്താവളത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുമായിരുന്നു. തുടര്‍ന്ന് കോക്പിറ്റില്‍ കയറി വിമാനം റാഞ്ചി എന്ന കുറ്റത്തിന് നാല് യാത്രക്കാരെ അറസ്റ്റുചെയ്യാന്‍ പൈലറ്റും എയര്‍ ഇന്ത്യയും ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് യാത്രക്കാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരെ മര്‍ദ്ധി്ച്ചതായും പരാതിയുണ്ട്.

മാധ്യമങ്ങളിലൂടെ ഈ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഡിഐജി അടക്കമുള്ളവര്‍ ഇടപെടുകയും തുടര്‍ന്ന് എയര്‍ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൈലറ്റ് നല്‍കിയ ‘റാഞ്ചല്‍’ തെറ്റായിരുന്നെന്നും ബോധ്യപ്പെട്ടു. പൈലറ്റിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

പൈലറ്റിന്റെ ഈ സന്ദേശം ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും എത്തിയിരുന്നു ഇതോടെ അവിടെയെല്ലാം കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

റാഞ്ചല്‍സന്ദേശം റദ്ധാക്കിയ ശേഷം വിമാനം മറ്റൊരു പൈലറ്റിനെ ഉപയോഗിച്ച് കൊച്ചിയിലെത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

13 മണിക്കൂറോളം നീണ്ടു നിന്ന യാത്രാ ദുരിതത്തിനാണ് ഇതോടെ വിരാമമായത്.