എപി വിഭാഗം പണ്ഡിതസഭയല്ല; കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ; കെ.പി.എ മജീദ്.

കേശവിവാദത്തില്‍ കാന്തപുരത്തിനും തിരുകേശപള്ളിക്കുമെതിരെ ശക്തമായ വിമര്‍ശനവുമായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്ത്. എസ്‌കെഎസ്എസ്എഫിന്റെ മുഖപത്രമായി ‘സത്യധാര’യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് എപി വിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്നത്. കാന്തപുരവിഭാഗം ഒരു പണ്ഡിതസഭയല്ല. കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണെന്നാണ് ഈ അഭിമുഖത്തില്‍ പറയുന്നത്.

തിരുകേശപ്പള്ളിവിവാദവുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ കൈയ്യിലുള്ള കേശം പ്രവാചകന്റേതല്ലെന്നും ചൂഷണവിദ്യയാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ലീഗ് സംസ്ഥാനാധ്യക്ഷന്‍ ഒരു കാര്യം പറഞ്ഞാല്‍ ഞാന്‍ അതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണെന്നാണ് മജീദിന്റെ മറുപടി.

തിരുകേശത്തിന്റെ പേരില്‍ പണിയുന്നത് പള്ളിയല്ല കച്ചവടസ്ഥാപനമാണെന്നും കോഴിക്കോടിപ്പോള്‍ അത്തരത്തിലുള്ള ഒരു പള്ളിയും വേണ്ടെന്ന് കെപിഎ മജീദ് തുറന്നടിക്കുന്നു. ഡല്‍ഹിയിലെ സ്വാധീനമുപയോഗിച്ച് കാന്തപുരത്തിന്റെ മകന് കേന്ദ്രമാനവിക വിഭവശേഷി വകുപ്പിനുകീഴില്‍  ഉറുദു കൗണ്‍സില്‍ അംഗത്വസ്ഥാനം നേടിയെടുത്തുവെന്നും മജീദ് ആരോപിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മാനേജ്‌മെന്റെന്ന നിലയില്‍ അവര്‍ക്ക് ഒരിടത്ത് സ്ഥായിയായി നില്‍ക്കാനോ ഭരണകൂടത്തെ വെറുപ്പിക്കാനോ കഴിയില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സാണെങ്കിലും ബിജെപിയാണെങ്കിലും ഈ സ്ഥിതിതന്നെയാണെന്നും മജീദ് സമര്‍ത്ഥിക്കുന്നുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ ലീഗിനൊപ്പം നിന്ന സമസ്ഥയെ പിണക്കുകയോ അവരുടെ അഭിപ്രായങ്ങള്‍ അവഗണിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്നും മജീദ് വ്യക്തമാക്കുന്നുണ്ട്.

കാന്തപുരം വിഭാഗത്തെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനോട് ഉപമിച്ചത് വരുംദിനങ്ങളില്‍ ലീഗിനുള്ളിലും പുറത്തും ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, സത്യധാരയില്‍ തന്റേതായി വന്ന പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന ആരോപണവുമായി കെപിഎ മജീദ് രംഗത്തെത്തിയിട്ടുണ്ട്. എപി വിഭാഗം പണ്ഡിതസഭയല്ലെന്നും കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണെന്നും പറയാന്‍ താന്‍ വിഢ്ഢിയല്ലെന്നും അര്‍ദ്ധസത്യങ്ങള്‍ നിറഞ്ഞതാണ് അഭിമുഖമെന്നും അദ്ദേഹം വ്യക്തമാക്കി.