എന്‍.എച്ച്.എം ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബാള്‍: മലപ്പുറം ജേതാക്കള്‍

മലപ്പുറം:ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ‘വരൂ കളിക്കാം, ജീവിതശൈലീരോഗങ്ങളെ അകറ്റി നിര്‍ത്താം’ എന്ന സന്ദേശവുമായി എന്‍.എച്ച്.എം ജീവനക്കാര്‍ക്കായി നടത്തിയ സംസ്ഥാനതല ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ല ജേതാക്കളായി. ഫൈനലില്‍ കാസര്‍കോടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്. കോഴിക്കോടിന്റെ ആഷിക് ആണ് ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍. കാസര്‍കോടിന്റെ ഉദൈഫ് മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിനാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ 14 ജില്ലകളുടെയും ടീമുകള്‍ മാറ്റുരച്ചു. ജേതാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ ട്രോഫി സമ്മാനിച്ചു. ഡോ. സുകുമാരന്‍, ഡോ. നിത, മുന്‍ ഇന്ത്യന്‍ താരം കെ.വി ധനേഷ് എന്നിവര്‍ മറ്റു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ഡി.പി.എം ഡോ.കെ.വി. ലതീഷ്, എന്‍.എച്ച്.എം എംപ്ലോയീസ് യൂനിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി നിതിന്‍ എന്നിവര്‍ സംസാരിച്ചു.