എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവതി പോലീസ്‌ പിടിയില്‍. പുകയൂര്‍ സ്വദേശിനി സുബൈദയാണ്‌ കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്‌. ദാരിദ്ര്യം കൊണ്ടാണ്‌ യുവതി കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നാണ്‌ പ്രാഥമിക വിവരം. ഭര്‍ത്താവ്‌ ഉപേക്ഷിച്ച ഇവര്‍ പുളിക്കല്‍ ആലുങ്ങലില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസം.

യുവതിയെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. എന്നാല്‍ പലപ്പോഴും യുവതി കാര്യങ്ങള്‍ പരസ്‌പര വിരുദ്ധമായി സംസാരിക്കുന്നത്‌ പോലീസിനെ കുഴക്കിയിരിക്കുകയാണ്‌.

കുഞ്ഞിനെ വില്‍പ്പന നടത്തുന്നതറിഞ്ഞ്‌ കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ ഇവിടെയെത്തിരുന്നത്രെ. കുഞ്ഞിന്‌ രണ്ട്‌ ലക്ഷം രൂപയാണ്‌ യുവതി ആവശ്യപ്പെട്ടിരുന്ന തുക. ഇക്കാര്യമറിഞ്ഞ കോഴിക്കോട്ടെ പൊതുപ്രവര്‍ത്തകനായ സുനില്‍ ദത്ത്‌ കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന യുവതിയെ സമീപിക്കുകയും ഒന്നര ലക്ഷത്തിന്‌ കരാറെഴുതിയ ശേഷം പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന്‌ വനിതാ പോലീസിന്റെ സഹയാത്താല്‍ കുഞ്ഞിനെയും യുവതിയേയും പോലീസ്‌ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. യുവതിക്ക്‌ 12 ഉം 9 തും വയസുള്ള രണ്ട്‌ കുട്ടികള്‍ കൂടിയുണ്ട്‌.