എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 25 ലക്ഷം രൂപയുടെ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

എടക്കര : പച്ചക്കറി കയറ്റിയ വണ്ടിയില്‍ ഒളിപ്പിച്ചുവെച്ച 25 ലക്ഷം രൂപ വിലമതിക്കുന്ന പാന്‍ ഉത്പന്നങ്ങള്‍ വഴിക്കടവില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. മൈസൂരില്‍ നിന്ന് വെളിയങ്കോട്ടേക്ക് പിക്കപ്പ് വാനില്‍ ഒളിപ്പിച്ച് കടത്തിയ 70 ചാക്ക് പാന്‍ ഉല്‍പന്നങ്ങളാണ് മൂന്ന് മണിയോടെ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടിയത്.

ഡ്രൈവര്‍ പൊന്നാനി വെളിയങ്കോട് തെരുവത്ത് വീട്ടില്‍ ദുല്‍ക്കര്‍ (26), പുതിയിരുത്തി പൂവാക്കരയില്‍ ആലി (29) എന്നിവരെ അറസ്റ്റു ചെയ്തു. ചാക്കുകളില്‍ 106000 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍ ഉണ്ടായിരുന്നു. കള്ളക്കടത്തിനായി ഉപയോഗിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. ഉല്‍പന്നങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റില്‍ 25 ലക്ഷം രൂപ വിലയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വെളിയങ്കോട്ടുള്ള മൊത്തവ്യാപാരിയാണ് പാന്‍ ഉല്‍പന്നങ്ങളുടെ ഉടമയെന്ന് പിടിയിലായവര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെ ജാഫര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആസിഫ് ഇക്ബാല്‍ , കെ രാമകൃഷ്ണന്‍, അമിന്‍ അല്‍താഫ് എന്നിവര്‍ ചേര്‍ന്നാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

തൊണ്ടി സാധനങ്ങളും വാഹനവും പ്രതികളേയും നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. പിടിയിലായ ദുല്‍ക്കറിന്റെ പിതാവ് ബഷീറിനേയും സുഹൃത്തിനേയും വാഹനം ഉള്‍പ്പെടെ ജനുവരി 23 ന് പാന്‍ ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വഴിക്കടവ് എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു.