എക്‌സിറ്റ്‌ പെര്‍മിറ്റ്‌ ആശങ്ക വേണ്ടെന്ന്‌ ഖത്തര്‍

timthumb* പുതിയ സ്‌പോണ്‍സര്‌ഷിപ്പ്‌ നിയമത്തിന്റെ കരട്‌ പൂര്‍ത്തിയായി
* തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ അനുവദിക്കും
* ഖുറൂജിനായി സ്‌പോണ്‍സരെ സമീപിക്കേണ്ട
* അനധികൃത തൊഴിലാളികള്‍ക്കുള്ള പരിശോധന കര്‍ശനമാക്കും

ദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിന്റെ ഭാഗമായി നടപ്പാക്കുന്ന എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥയില്‍ യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ലളിതവും സുതാര്യവുമായ രീതിയിലായിരിക്കും പുതിയ സംവിധാനം നടപ്പാക്കുകയെന്നും തൊഴിലാളിക്കും തൊഴിലുടമയ്ക്കും യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാകാത്ത വിധത്തിലായിരിക്കും പുതിയ എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കുകയെന്നും മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ മുഹമ്മദ് അല്‍ സയാദ് പറഞ്ഞു. പ്രാദേശിക അറബി പത്രം അല്‍ വതന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം പൂര്‍ണമായും എടുത്തുകളയുമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരത്തെതന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. പകരം തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കുക. നിലവിലുള്ള നിയമ പ്രകാരം തൊഴിലാളിക്ക് രാജ്യത്തിനു പുറത്തു പോകണമെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി വേണം. സ്‌പോണ്‍സറുടെ ഖുറൂജ് ലഭിക്കാതെ രാജ്യത്തിനു പുറത്തു പോകാനാകില്ല. സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിയമപ്രകാരം ഏതെങ്കിലും സാഹചര്യത്തില്‍ ഒരു തൊഴിലാളിക്ക് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായി വരികയും ഇക്കാര്യം ആ തൊഴിലാളിയുടെ തൊഴില്‍ കരാറില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ രാജ്യത്തിനു പുറത്തേക്കു പോകേണ്ട സാഹചര്യമുണ്ടായാല്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

തൊഴിലാളി ഖുറൂജിനായി സ്‌പോണ്‍സറെ സമീപിക്കേണ്ടതില്ല. പകരം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇ-ഗവണ്‍മെന്റ് സംവിധാനമായ മെട്രാഷ്-2വിലൂടെ ഖുറൂജിന് അപേക്ഷിക്കാം. അപേക്ഷകന്റെ പേരില്‍ കേസോ മറ്റു ബാധ്യതകളോ പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ മെട്രാഷ്-2 മുഖേന തന്നെ ഖുറൂജ് അനുവദിക്കും. ഇക്കാര്യത്തില്‍ പരിശോധനകള്‍ക്കും പരാതികളുണ്ടെങ്കില്‍ പരിഹരിക്കുന്നതിനുമായി ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് കാര്യമായി എന്തെങ്കിലും പറയാന്‍  ബ്രിഗേഡിയര്‍ നാസര്‍ മുഹമ്മദ് അല്‍ സയാദ് തയ്യാറായില്ല.

അതേസമയം സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിന്റെ കരട് പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രഖ്യാപിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പൊതുവെ  തൊഴിലുടമയും തൊഴിലാളികളും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്.  എന്നാല്‍ ചില മേഖലകളില്‍ പ്രശ്‌നങ്ങളുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകളുണ്ടാകും. സെര്‍ച്ച് ആന്റ് ഫോളോഅപ് വകുപ്പിന്റെ പുതിയ ബ്രാഞ്ചുകള്‍ സുബാറ, ശഹാനിയ, വക്‌റ, മധ്യദോഹ എന്നിവിടങ്ങളില്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. റസിഡന്‍സി, സ്‌പോണ്‍സര്‍ഷിപ്പ് നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ദോഹയില്‍ പരിശോധന ശക്തമാക്കിയതോടെ അനധികൃതമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ ദോഹയ്ക്കു പുറത്തേക്കു പ്രവര്‍ത്തന മേഖല മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.