എം.ബി.ബി.എസ്. ഇനി ആറു വര്‍ഷം

ദില്ലി : എം.ബി.ബി.എസ്. കോഴ്‌സ് കാലയളവ് ഒരുവര്‍ഷം കൂടി നീട്ടാന്‍ നീക്കം. നിലവിലെ അഞ്ചരവര്‍ഷം മാറ്റി ആറരവര്‍ഷമായി കോഴ്‌സ് ദീര്‍ഘിപ്പിക്കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ഒരു വര്‍ഷത്തെ ഗ്രാമീണസേവനം കോഴ്‌സിന്റെ ഭാഗമായി നിര്‍ബന്ധിതമാക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഗൂലാം നബി ആസാദ് വിളിച്ചുചേര്‍ത്ത കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് ഏകദേശധാരണ ഉരുത്തിരിഞ്ഞിട്ടുണ്ട്. കോഴ്‌സിന്റെ കാലാവധി നീട്ടണമെങ്കില്‍ 1999ലെ ചട്ടങ്ങളില്‍ മാറ്റം വരുത്തണം. നിലവിലെ ചട്ടപ്രകാരം ഇന്റേണ്‍ഷിപ്പിന്റെ കാലാവധി ഒരു വര്‍ഷമാണ്.

പുതിയ നിര്‍ദ്ദേശം മെഡിക്കല്‍ കൗണ്‍സില്‍ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടും. കൗണ്‍സില്‍ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കും. ഗ്രാമീണമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ കിട്ടാത്തതാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. കോഴ്‌സിന്റെ കാലാവധി നീട്ടുന്നതിനൊപ്പം ഒരു വര്‍ഷത്തെ ഗ്രാമീണസേവനം നിര്‍ബന്ധിതമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം.

ഒന്നാം യൂ.പി.എ സര്‍ക്കാറിന്റെ കാലത്ത് മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തെ ഗ്രാമീണസേവനം നിര്‍ബന്ധമാക്കാന്‍ അന്ന് ആരോഗ്യമന്ത്രിയായിരുന്ന അന്‍പുമണി രാംദാസ് തീരുമാനിച്ചിരുന്നെങ്കിലും അത്് പൂര്‍ണ്ണമായും പ്രാവര്‍ത്തികമായില്ല. എന്നാല്‍ കാലയളവ് ആറര വര്‍ഷമാക്കുന്നത് ഗുണകരമല്ല. എന്ന അഭിപ്രായവും പലര്‍ക്കുമുണ്ട്.

Related Articles