ഉറക്കം നടിച്ച് അധികൃതര്‍; 300 ഏക്കര്‍ കൃഷിക്ക് ചരമഗീതം

താനൂര്‍: അധികൃതരുടെ അനാസ്ഥ 300 ഏക്കര്‍ കൃഷി പ്രതിസന്ധിയിലാക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ കുണ്ടൂര്‍തോട് നവീകരണ പദ്ധതി എങ്ങുമെത്താത്തതാണ് ആശങ്കക്ക് ഇടയാക്കുന്നത്.

 

ജലക്ഷാമം മൂലം നന്നമ്പ്രയില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് തരിശിടുന്നത്. നന്നമ്പ്ര കുണ്ടൂര്‍ മൂലക്കല്‍ മുതല്‍ വെഞ്ചാലി വരെ നീണ്ടു കിടക്കുന്ന നൂറ് കണക്കിന് ഏക്കര്‍ കൃഷി ഭൂമിയില്‍ വെള്ളമെത്തുന്നത് കുണ്ടൂര്‍ തോടു വഴിയാണ്. പ്രദേശത്തെ കുടിവെള്ളത്തിന്റെ ലഭ്യതയെ സ്വാധീനിക്കുന്നതും പ്രസ്തുത തോടിലെ ജലമാണ്. എന്നാല്‍ കാലപ്പഴക്കം മൂലം തോട് മണ്ണ് നീങ്ങി തൂര്‍ന്നത് കാരണം വലിയ പ്രതിസന്ധിയാണ് ജല ലഭ്യതയുടെ കാര്യത്തില്‍ പ്രദേശം നേരിടുന്നത്. 600 ഏക്കറില്‍ കൂടുതല്‍ വരുന്ന കൃഷി ഭൂമികളില്‍ 60 ശതമാനവും നെല്‍കൃഷി നടത്തി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് പകുതിയിലധികം കുറഞ്ഞിട്ടുണ്ട്. ഏറെ പ്രയാസപ്പെട്ട് വെള്ളമെത്തിച്ചുകൊണ്ടാണ് കര്‍ഷകര്‍ കൃഷി നടത്തുന്നത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം ഇത്തവണ വലിയ തോതില്‍ കൃഷി നശിച്ചിട്ടുണ്ട്. ഇത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
മുന്‍വര്‍ഷങ്ങളിലും പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് തോടിന്റെ നവീകരണത്തിന് 39 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും പദ്ധതിയുടെ പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. തോട് കിളച്ച് കാടുകള്‍ വെട്ടിതെളിച്ച് നീരൊഴുക്ക് സുഗമമാക്കുന്ന രീതിയിലാണ് പദ്ധതി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിന് പദ്ധതി അടിയന്തിരമായി യാഥാര്‍ഥ്യമാക്കണമെന്നാണ് കര്‍ഷകരും നാട്ടുകാരും ആവശ്യം. അതേസമയം, കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ധാരാളമുള്ളപ്പോഴാണ് അധികൃതരുടെ ഈ അവഗണനയെന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.