ഉപഭോക്താക്കളെ വലച്ച് ബഹ്‌റൈനില്‍ കുത്തനെ ഉയരുന്ന ടെലികോം നിരക്ക്

മനാമ: രാജ്യത്തെ ഉപഭോക്താക്കളെ വലച്ച് ഓരോ ദിവസവും കോള്‍ നിരക്കും ഇന്റര്‍നെറ്റ് നിരക്കും വര്‍ധിക്കുന്നു. ആദ്യമുണ്ടായിരുന്ന ചിലവുകുറഞ്ഞ പ്ലാനുകള്‍ ഒഴിവാക്കുകയും മിക്ക സേവനങ്ങള്‍ക്കും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി ഉപഭോക്താക്കള്‍ വ്യക്തമാക്കി. നേരത്തെ ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ നേരത്തെ വാഗ്ദാനം ചെയ്ത പല ഓഫറുകളും ഡാറ്റ പാക്കേജുകളും നിര്‍ത്തലാക്കിയ അവസ്ഥയാണ്. മുന്‍പ് ഒരുമാസം നാല് ദിനാറിന് ആഭ്യന്തര അന്താരാഷ്ട്ര കോളുകളും ഇന്റര്‍നെറ്റും ഉള്‍പ്പെടുന്ന പ്ലാന്‍ മിക്ക ടെലിക്കോം ഓപ്പറേറ്റര്‍മാരും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ പ്ലാനിന് ഏഴ് ദിനാര്‍ നല്‍കണം. സാമ്പത്തിക മേഖലയിലെ ഇടിവിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായിരുന്ന സാധരണക്കാരെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്.

അതെസമയം നിലവിലെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രതിമാസ താരിഫും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അഞ്ച് ബഹ്‌റൈന്‍ ദിനാര്‍ നല്‍കിവരുന്നവരുടെ താരിഫ് ആറാക്കി മാറ്റയിട്ടുണ്ടെന്ന സന്ദേശവും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 30 മുതല്‍ ഒരു ദിനാര്‍ കൂടി വര്‍ദ്ധിക്കുമെന്ന് മറ്റൊരു സന്ദേശവും ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് കോളുകള്‍ ഇപ്പോള്‍ ഡാറ്റായായി മാറ്റിയിട്ടാണ് ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ചെയ്യുന്നത്. മിക്കപ്പോഴും നാട്ടിലേക്ക് വിളിക്കുന്ന കോളുകളില്‍ ഇവിടുത്തെ നമ്പര്‍ പതിയാറില്ല. ഇതുകൊണ്ട് വലിയ ലാഭമാണ് ടെലികോം കമ്പനികള്‍ക്കുണ്ടാകുന്നതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് മൊബൈല്‍ കമ്പനികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വര്‍ധനവ് സംബന്ധിച്ച് ടി.ആര്‍. എ യ്ക്ക് പങ്കില്ലെന്നും എന്നാല്‍ ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതായും ടി ആര്‍ എ കണ്‍സ്യൂമര്‍ മാനേജര്‍ മറിയം അല്‍മനായി വ്യക്തമാക്കിയിരുന്നു.

 

Related Articles