ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഖത്തര്‍ ഇക്കണോമി ആന്റ്‌ കൊമേഴ്‌സ്‌ മന്ത്രാലയം

ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് കഴിഞ്ഞ മാസം മന്ത്രാലയം കണ്ടെത്തിയത് 130 സംഭവങ്ങള്‍. ഇക്കണോമി ആന്റ് കൊമേഴ്‌സ് മന്ത്രാലയം ന്യൂ ഗനീമിലെ ടയര്‍ കട ഒരു മാസത്തേക്കാണ് അടപ്പിച്ചത്. ഖത്തറില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തിലെ ബലൂണ്‍ ടയറുകള്‍ വില്‍പ്പന നടത്താതിരുന്നതിനെ തുടര്‍ന്നാണ് കടയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന മിന്നല്‍ റെയ്ഡുകളിലാണ് നിയമലംഘനങ്ങള്‍ പിടികൂടുന്നത്. ഒരേ കടയില്‍ ഒന്നില്‍ കൂടുതല്‍ തവണ നിയമലംഘനം കണ്ടെത്തിയാല്‍ അവ താത്ക്കാലികമായി അടപ്പിക്കുകയാണ് പതിവ്. മാത്രമല്ല, കട അടപ്പിച്ച വിവരം ഉപഭോക്തൃ നിയമ പ്രകാരം നിയമലംഘനം നടത്തിയ സ്ഥാപനത്തിന്റെ ചെലവില്‍ തന്നെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും. സാധനങ്ങളുടെ വില നിലവാരം പ്രദര്‍ശിപ്പിക്കാതിരുന്ന 21 സ്ഥാപനങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ മാസം നടപടി സ്വീകരിച്ചത്. പ്രമോഷന്‍ പ്രഖ്യാപിക്കുകയും അതില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്ന കടകള്‍ക്കെതിരെയും മന്ത്രാലയം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. പ്രമോഷന്‍ കാലയളവില്‍ ഉത്പന്നങ്ങളുടെ പ്രമോഷന്‍ വിലയോടൊപ്പം ശരിയായ വിലയും പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തില്‍ വിവരം അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടേയും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടേയും ടോള്‍ ഫ്രീ നമ്പറായ 16001 ഉപയോഗിച്ചും ഉപഭോക്താക്കള്‍ക്ക് നിയമലംഘനങ്ങള്‍ അറിയിക്കാവുന്നതാണ്.