ഉന്നത വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക്‌ കേരളമാകണം;പി.കെ അബ്‌ദുറബ്ബ്‌

images (2)മലപ്പുറം: കേരളത്തിലെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന്‌ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഇല്ലാതാക്കി ഏത്‌ മേഖലയിലും പഠനത്തിനുള്ള സൗകര്യം ഇവിടെ തന്നെ ഒരുക്കണമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ പറഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങളിലെ കുട്ടികളെ കൂടി കേരളത്തിലേക്ക്‌ ആകര്‍ഷിച്ച്‌ വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക്‌ കേരളമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഗവ. കൊളെജിലെ പുതിയ ലൈബ്രറി കെട്ടിടം ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ലോകത്തെ പ്രധാന സര്‍വകലാശാലകളുടെ തലവന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഗ്ലോബല്‍ എജുക്കേഷനല്‍ മീറ്റ്‌ ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരത്ത്‌ നടക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

രണ്ട്‌ കോടി ചിലവില്‍ നിര്‍മിക്കുന്ന ലൈബ്രറി കെട്ടിടം 12 മാസത്തിനകം പൂര്‍ത്തീകരിക്കാനാണ്‌ പദ്ധതി. രണ്ട്‌ നിലകളിലായി 1121 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയിലാണ്‌ കെട്ടിടം നിര്‍മിക്കുന്നത്‌. മലപ്പുറം ഗവ:കൊളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ശിലാസ്ഥാപന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉണ്ണികൃഷ്‌ണന്‍, കൊളെജ്‌ പ്രിന്‍സിപ്പല്‍ ഡോ.പി.കെ മീര, സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ആരിഫ്‌ ഖാന്‍, നഗരസഭ അധ്യക്ഷ സി.എച്ച്‌ ജമീല, ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്‌ത്‌, കൊളെജ്‌ യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ്‌ ഫൈസുദ്ദീന്‍, കൊളേജ്‌ പി.ടി.എ. സെക്രട്ടറി ഉണ്ണി ആമപാറയ്‌ക്കല്‍, നഗരസഭാംഗങ്ങളായ ഒ. സഹദേവന്‍, ഒ.പി. റജീന ഹുസൈന്‍, തോപ്പില്‍ മുഹമ്മദ്‌ കുട്ടി, കുന്നത്തൊടി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.