ഉന്നത പഠനം നടത്തി വെറുതെയിരിക്കുന്ന പെണ്‍കുട്ടികള്‍ വരുത്തുന്നത്‌ മാനവ വിഭവ ശേഷി നഷ്‌ടം;ഡോ.ഫസല്‍ ഗഫൂര്‍.

fazal 1.JPG 2കോഴിക്കോട്‌: പ്രൊഫഷനല്‍ കോളേജുകളിലും ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളിലും ബഹുഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കുന്ന പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗവും ബിരുദമെടുത്ത ശേഷം വെറുതെ വീട്ടില്‍ ഇരിക്കുന്ന അവസ്ഥ സമകാലിക കേരളത്തിന്റെ ദുരന്തമാണെന്ന്‌ എം ഇ എസ്‌ പ്രസിഡണ്ട്‌ ഡോ.ഫസല്‍ ഗഫൂര്‍. മാനവ വിഭവ ശേഷിയുടെ വന്‍ നഷ്‌ടമാണ്‌ ഇതിലൂടെ സംഭവിക്കുന്നത്‌. എം ബി ബി എസ്‌ സീറ്റുകളില്‍ 65 ശതമാനവും നേടുന്നത്‌ പെണ്‍കുട്ടികളാണ്‌. എന്നാല്‍ പി ജിക്ക്‌ എത്തിപ്പെടുമ്പോള്‍ ഇവരുടെ എണ്ണം കേവലം 20 ശതമാനമായും സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്ക്‌ ചേരുമ്പോള്‍ വെറും അഞ്ച്‌ ശതമാനമായും കുറയുന്നുവെന്നത്‌ സമൂഹം ശ്രദ്ധിക്കേണ്ടതുണ്ടെന്ന്‌ ഡോ. ഗഫൂര്‍ പറഞ്ഞു. കോഴിക്കോട്‌ അമ്പലപ്പടിയില്‍ ചെയ്‌സ്‌ അക്കാദമിയുടെ ഉല്‍ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിക്കാനുള്ള പണമുണ്ട്‌ എന്നതിന്റെ പേരില്‍ മാത്രം കോഴ്‌സുകള്‍ക്ക്‌ ചേരുന്നത്‌ ഖേദകരമാണ്‌. ലക്ഷ്യാധിഷ്‌ഠിതമാകണം പഠനം. കടകളില്‍ ലഭ്യമാണ്‌ എന്ന ഏക കാരണത്താല്‍ കോഴ്‌സ്‌ തെരഞ്ഞെടുക്കുന്ന കഫറ്റീരിയ ചോയ്‌സ്‌ ഒട്ടും അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പഠനം യഥാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക്‌ കോഴ്‌സുകളില്‍ല്‍ ചേരാനുള്ള അവസരം നഷ്‌ടപ്പെടാനും ഇത്‌ ഇടയാക്കുന്നു. അഭിരുചി പരീക്ഷയിലൂടെ താല്‍പര്യം തിരിച്ചറിഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ നടത്തുകയായിരിക്കും ഗുണകരം.
ഒട്ടും അര്‍ഹതയില്ലാത്തവര്‍ക്കും മാര്‍ക്കുകള്‍ വാരിക്കോരി സമ്മാനിച്ച്‌ എസ്‌ എസ്‌ എല്‍ സി പാസ്സാക്കുകയും എല്ലാവര്‍ക്കും പ്ലസ്റ്റുവിന്‌ സീറ്റ്‌ നല്‍കുകയും തുടര്‍ന്ന്‌ പ്ലസ്‌ റ്റുവിന്‌ തീരെ മാര്‍ക്ക്‌ കുറഞ്ഞവര്‍ക്ക്‌ പോലും മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ എഞ്ചിനീയറിംഗ്‌ പഠനം സാധ്യമാക്കുകയും ചെയ്യുന്ന ഇന്നത്തെ രീതി സാമൂഹ്യദുരന്തമാണ്‌. ഇത്തരത്തില്‍ പുറത്ത്‌ വരുന്ന എഞ്ചിനീയര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തികളുടെ ഗുണനിലവാരം ദയനീയമായിരിക്കുമെന്നും ഡോ.ഗഫൂര്‍ അഭിപ്രായപ്പെട്ടു.

ഉല്‍ഘാടനച്ചടങ്ങില്‍ കരിയര്‍ മാര്‍ഗ്ഗദര്‍ശകനും കാലിക്കറ്റ്‌ സര്‍വകലാശാലാ മുന്‍ പി ആര്‍ ഒ യുമായ എം വി സക്കറിയ അദ്ധ്യക്ഷനായി.