ഉത്തര ദക്ഷിണ സംഗീത സമന്വയത്തിലൂടെ ‘ കേരള ഘരാന’ യ്ക്ക് തുടക്കം.

കോഴിക്കോട് : സംഗീതത്തിലെ പുതുവഴി തേടുന്ന ആസ്വാദകര്‍ക്ക് ഒരു  അസുലഭ  അനുഭവമായിരുന്നു കോഴിക്കോട് കേന്ദ്രീകരിച്ചു ഇന്നലെ ആരംഭിച്ച ‘ കേരള ഘരാന’ യുടെ   ഉല്‍ഘാടന വേദി.  കോഴിക്കോട് സാമൂതിരി സ്കൂള്‍ ഓഡിറ്റൊരിയത്തില്‍ പ്രശസ്ത നര്‍ത്തകന്‍   പദ്മവിഭൂഷന്‍ നാട്ട്യാചാര്യ വി.പി ധനഞ്ജയന്‍ ആണ് പ്രാര്‍ഥനയോടെ വിളക്ക് തെളിയിച്ചത്.

 

തുടര്‍ന്ന് സുപ്രസിദ്ധ കര്‍ണാടക സംഗീത വിദുഷി ‘ബോംബെ ജയശ്രീ’യും ഹിന്ദുസ്ഥാനി ബാന്‍സുരി സംഗീതഞ്ജന്‍ പണ്ഡിറ്റ്‌.. റൊണൂ   മജുംദാരും ചേര്‍ന്ന് അവതരിപ്പിച്ച ജുഗല്‍ബന്ദി സംഗീത പ്രേമികള്‍ക്ക് ഒരു നവ്യാനുഭവമായി. ഹംസധ്വനി രാഗത്തില്‍ ഏറ്റവും പ്രശസ്തമായ വാതാപി യിലായിരുന്നു തുടക്കം. ഹിന്ദുസ്ഥാനി ബാന്സുരിയില്‍  റൊണൂ മജുംദാര്‍ കര്‍ണാടിക്കിലെ കീര്‍ത്തനത്തിനു നല്‍കിയ രാഗ വിസ്താരം ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് ഇരുവരും ഹിന്ദുസ്ഥാനിയിലെ ഏറെ ജനകീയമായ ദേശ്  ബാഗെശ്വരി രാഗങ്ങള്‍ അവതരിപ്പിച്ചു. തബലയില്‍ അജിത്‌ പതക്കും മൃദംഗത്തില്‍ സുമേഷ് നാരായണും അവതരിപ്പിച്ച തനിയാവര്‍ത്തനവും ഹൃദ്യമായി.  യമന്‍ കല്യാണിയിലുള്ള  ‘കൃഷ്ണ നീ ബേഗേനെ’ യുടെ ഏറെ വിസ്തരിച്ച രൂപമായിരുന്നു അവസാനത്തെ ഇനം. ജുഗല്‍ബന്ദി അരങ്ങേറുന്നതിനിടെ പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് വരച്ച ഇരുവരുടെയും പെയിന്റിംഗ് ചടങ്ങിന്റെ അവസാനം കലാകാരന്മാര്‍ക്ക് സമ്മാനിച്ചു.

 

ഇന്ത്യയിലും വിദേശത്തും അനവധി സംഗീത നൃത്ത പരിപാടികള്‍ക്ക് നേതൃതം നല്‍കുന്ന SPIC  MACAY എന്ന സാംസ്കാരിക സംഘടനയുടെ  കേരള ചാപ്റ്റര്‍ എന്ന നിലയിലും കേരള ഘരാന പ്രവര്ത്തിക്കുന്നതായിരിക്കും. പ്രശസ്ത കഥക് നര്‍ത്തകി സുഷ്മിത ബാനെര്‍ജിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ രണ്ടു സ്കൂളുകളില്‍ കഥക് ശില്‍പ്പ ശാല ആരംഭിച്ചിട്ടുണ്ട്.