ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

utharagandഡെറാഡൂണ്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ അംഗീകരിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായതായി ഗവര്‍ണറുടെ രിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടില്‍ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പണം വാഗ്ദാനംചെയ്യുന്ന ദൃശ്യങ്ങള്‍ വിമത എംഎല്‍എമാരായ സാകേത് ബഹുഗുണ, ഹരക് സിങ് റാവത്ത്, സുബോധ് ഉനിയാല്‍ എന്നിവരാണ് പുറത്തുവിട്ടത്. ഇതിനെത്തുടര്‍ന്ന് രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ക്യാബിനറ്റ് രാഷ്ട്രപതിയെ സമീപിച്ചിരുന്നു.

ഇതിനുമുമ്പ് തങ്ങളെ തിരികെയത്തെിക്കാന്‍ സര്‍ക്കാര്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് വിമത എംഎല്‍എമാര്‍ കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് വീഡിയോദൃശ്യം പുറത്തുവന്നത്. അതേസമയം, ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. വിമത എംഎല്‍എമാര്‍ വ്യാജ വിഡിയോയിലൂടെ ബിജെപിയെ സഹായിക്കുന്നത് പണത്തിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഒമ്പത് വിമത എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാള്‍ ശനിയാഴ്ച രാത്രി അയോഗ്യരാക്കുകയും ചെയ്തു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍നിന്ന് തിരിച്ചെത്തിയ ഉടനാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. അതിനിടെ, ജനാധിപത്യത്തിന്റെ പൂര്‍ണമായ കൊലപാതകത്തിനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.