ഉണ്ണിയെഴുത്ത്

പരാജിതരുടെ പരാജയപ്പെടുന്ന സമരങ്ങളെ കുറിച്ച്

 

1. ആദിവാസികളും രക്ഷകര്‍ത്താക്കളും

തനത് ആവാസ വ്യവസ്ഥയിലെ നിറവുള്ള പച്ചപ്പുകളില്‍ വ്യവഹരിച്ചു നടന്നിരുന്ന കാലങ്ങളില്‍ ആദിവാസികള്‍ തൃപ്തരായിരുന്നുവെന്നും വനഭൂമികള്‍ കുടിയേറ്റക്കാര്‍ കയ്യേറുകയും മറ്റു കാരണങ്ങളാല്‍ അന്യാധീനപ്പെടുകയും ചെയ്തു തുടങ്ങിയതോടെ അവരുടെ കഷ്ടകാലം ആംഭിച്ചുവെന്നുമാണ് പൊതുവില്‍ ആദിവാസികളെ കുറിച്ചുള്ള കഥകള്‍ ആരംഭിക്കുന്നത്. ആദിവാസിയെ സംബന്ധിച്ച് ശ്രദ്ധേയമായൊരു വസ്തുത, രക്ഷകരും വിമോചകരും ആദ്യം സംഭവിക്കുകയും പ്രശ്‌നങ്ങള്‍ അതിനു വഴിയെ രൂപപ്പെടുകയുമായിരുന്നു എന്നതാണ്. അതായത്, സ്‌ഫോടനാത്മകമായ തീവ്രതയിലേക്ക് പ്രതിസന്ധികള്‍ മൂര്‍ച്ചപ്പെടുത്തുന്നതിനു മുമ്പെ ആദിവാസികള്‍ വിഭജിക്കപ്പെടുകയും രാഷ്ട്രീയ ചേരിതിരുവുകളിലേക്ക് അവര്‍ ഒതുക്കപ്പെടുകയുമായിരുന്നു.

ഇരകളുടെ പ്രതിരോധങ്ങളില്‍ നിന്നും പ്രക്ഷോഭങ്ങള്‍ ഉണ്ടാവുകയും അതിനെ ക്രിയാത്മകമായി നിയന്ത്രിക്കാന്‍ നേതൃത്വമുണ്ടാവുകയും ചെയ്യുക എന്നതാണ് വിപ്ലവങ്ങളുടെ ജൈവീകത എന്നു പറയുന്നത്. അങ്ങിനെ അല്ലാതെ വരുന്നതുകൊണ്ടാണ് എല്ലാ വര്‍ത്തമാനകാല സമരങ്ങളും യാന്ത്രികവും ഔപചാരികവുമാകുന്നത്. പക്ഷേ, പൊതു സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും മറ്റും ഭരണ- പ്രതീക്ഷ സന്ധിനിയമമനുസരിച്ച് ഈ വഴിപാടു സമരങ്ങള്‍ കൊണ്ടു തന്നെ കാര്യങ്ങള്‍ നേടാമെന്ന സൗകര്യവുമുണ്ട്. അതല്ലാത്തവരുടെ കാര്യത്തില്‍ പാതകളില്‍ വരിയൊപ്പിച്ചുകൊണ്ടുള്ള ജാഥകള്‍കൊണ്ടെന്ത്?. ആദിവാസി രക്ഷകര്‍ തിരിച്ചറിയാതെ പോകുന്നത് ഇതൊക്കെയാണ്.

സമൂഹത്തിന്റെ നീതിബോധവും ധാര്‍മികതയും സ്വയം പരിഷ്‌കരണ വിധേയമാക്കുമ്പോഴൊക്കെ ഇരകള്‍ക്കുവേണ്ടി സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശരിയാണ്, നവോഥാന ചിന്തകരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും അതിനൊക്കെ ചുക്കാന്‍ പിടിച്ചതുകൊണ്ടുകൂടിയാണ് കേരളത്തില്‍ ജാതീയമായ ഉച്ചനീചത്വ വിമോചനവും പിന്നോക്കാവസ്ഥയും ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെട്ടത്. പൊതു സമൂഹത്തിന്റെ ഈ ഉണര്‍ച്ചയും തീര്‍ച്ചയും ആദിവാസികളുടെ കാര്യത്തില്‍ ഇനിയും പ്രവര്‍ത്തിച്ച് തുടങ്ങാത്തതിന്റെ കാരണം അന്വേഷിക്കുന്നതിലൂടെ മാത്രമെ അവരുടെ പുനരധിവാസ ശ്രമങ്ങളുടെ സമരങ്ങള്‍ക്ക് മാര്‍ഗരേഖ രചിക്കാന്‍ കഴിയുകയുള്ളു.

ആിവാസികളുടെ തനതു ആവാസ വ്യവസ്ഥയുടെ പുനര്‍ നിര്‍മിതി അപ്രായോഗികവും അപരിഷ്‌കൃതവുമാണെന്ന പൊതു വിശ്വാസം പ്രബലമാണ്. അവരെ മുഖ്യധാരയിലേക്ക് സ്ഥലംമാറ്റം നല്‍കി പുനരധിവസിപ്പിക്കുകയും പുതിയ സാഹചര്യങ്ങളിലേക്ക് പൊരുത്തപ്പെടുത്തകയും ചെയ്യുക എന്ന രാഷ്ട്രീയ കടമ നിര്‍വഹിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിനു തടസ്സം നില്‍ക്കുകയും അവര്‍ക്ക് വനഭൂമിതന്നെ തിരിച്ചേല്‍പ്പിക്കണമെന്ന് വാദിക്കുകയും ചെയ്യുമ്പോള്‍ പൊതു സമൂഹത്തിന് പ്രതികരണം ഇല്ലാതെ പോകുന്നുണ്ട്. കാരണം പത്തോ ഇരുപതോ സെന്റ് ഭൂമി പുറംപോക്കിലെങ്കിലും സ്വന്തമായി കിട്ടിയാല്‍ സ്വാശ്രയത്തോടെ ജീവിക്കാമെന്ന ചങ്കൂറ്റമുള്ള പിന്നോക്ക വിഭാഗങ്ങളുടെ നിസ്സഹായതക്ക് മുമ്പില്‍ അഞ്ചും പത്തും ഏക്കര്‍ ഭൂമി അത് വനമേഖലയില്‍ ആണെങ്കില്‍ പോലും ആദിവാസികള്‍ ആവശ്യപ്പെടു്‌നതിലെ അയുക്തിയോട് പൊതു സമൂഹത്തിന് പൊരുത്തപ്പെടാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല.

കേരളീയ പൊതുസമൂഹത്തെ നാളിതുവരെ അലോസരപ്പെടുത്താതെ കാടിന്റെ ഉള്ളറകളില്‍ ഒതുങ്ങി കൂടിയുരുന്ന ആദിവാസികള്‍ ഇന്ന് നാടിന്റെ കൂടി അവകാശികളാണ്. പിന്നോക്ക ജാതി സമൂഹങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള കഠിനവും മൃഗീയവുമായ (ജാതീയമായ) പുറം തള്ളല്‍ ഉള്‍പ്പെടെയുള്ള നീതികേട് ആദിവാസികളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നത് അവരെ പരിഗണിക്കാതിരിക്കാനുള്ള മറ്റൊരു കാരണമാവുന്നുണ്ടോ എന്നതും പഠിക്കേണ്ടുന്ന വിഷയം തന്നെ.

മാത്രമല്ല, രാഷ്ട്രീയ പരിഹാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കിക്കൊണ്ടുള്ള സംഘടിത സമര തന്ത്രങ്ങളിലൂടെ രംഗപ്രവേശനം ചെയ്ത ആദിവാസി- ഗോത്ര സാമൂഹ്യ പ്രസ്ഥാനങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് നയിക്കപ്പെട്ടതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അകാരണമായി പ്രക്ഷുബ്ധമാവുന്നവരും അക്രമാസക്തരും ആയുധ ധാരികളും ചില തീവ്ര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികരുമാണ് ഇവരെന്ന പേരുദോഷം നിഷ്‌കളങ്കരായ ആദിവാസികള്‍ക്ക് പട്ടം ചാര്‍ത്തിയ കൂട്ടരെയും ആദിവാസികള്‍തന്നെ തിരിച്ചറിഞ്ഞ് സ്വയം തിരുത്തേണ്ടതുമുണ്ട്. തങ്ങള്‍ക്കിടയിലെ വംശീയമായ ഭേദചിന്തകളെയും വിഭിന്ന വിശ്വാസ നിലപാടുകളെയും പാരമ്പര്യത്തിന്റെ പേരില്‍ പരിപോഷിപ്പിച്ച് കൊണ്ട് രാഷ്ട്രീയമായ കൂട്ടായിമയുടെ സാധ്യത തടഞ്ഞതിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്.

പൊതു സമൂഹത്തില്‍ ഇടം പിടിച്ചു വാങ്ങാനും ആധുനിക ജനാധിപത്യാശയങ്ങള്‍ മനസ്സിലാക്കി അതിനനുസൃതമായ സംഘടനാ രൂപം വാര്‍ത്തെടുക്കുന്നതിനും ഗോത്ര മഹാസഭ പോലുള്ള പ്രസ്ഥാനങ്ങളെ പ്രാപ്തമാക്കാന്‍ ആവശ്യമായ ദിശാ ബോധം ആരില്‍ നിന്നെങ്കിലും ഉണ്ടായതായി കണ്ടിട്ടില്ല. വളരെ വിപ്ലവകരമെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഗോത്രസഭയുടെ സ്വയം ഭരണമെന്ന മുദ്രാവാക്യവും വനമേഖലയിലെ പാരമ്പര്യാവകാശം സംരക്ഷിച്ച് കിട്ടുന്നതിലുള്ള ശ്രമകരമായ പ്രക്ഷോഭങ്ങളും മുന്നോട്ടുപോയ്‌കൊണ്ടിരുന്നപ്പോഴും കാടിനകത്ത് ജീവിക്കാനുള്ള സ്വച്ഛന്ദവും സ്വാഭാവികവുമായ ആഭ്യന്തര സാഹചര്യം വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നതായി ഒരു ശരാശരി ആദിവാസിപോലും തിരിച്ചറിഞ്ഞ് കവിഞ്ഞിരുന്നു എന്നതാണ് വസ്തുത. എന്നിട്ടും സമരക്കാര്‍ക്കും അതിന്റെ രക്ഷകര്‍ത്താക്കള്‍ക്കും അത് മനസ്സിലാവാതെ പോകുന്നുവെങ്കില്‍ അത് സംശയിക്കപ്പെടേണ്ടുന്ന കാര്യമാണ്.

കുടിയേറ്റകാര്‍ക്കും പ്ലാന്റേഷനും സര്‍ക്കാറിനു തന്നെയും ആദിവാസികളെ നിര്‍കോളനീകരിക്കാന്‍ ശ്രമരഹിതമായി കഴിഞ്ഞത് വനത്തിനകത്തെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ പലകാരണങ്ങളാലും നശിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധം ആദിവാസികള്‍ക്കു തന്നെ ഉണ്ടായതുകൊണ്ടാണ്. വന വിഭവങ്ങലുടെയും മറ്റു തൊഴില്‍ സാധ്യതകളുടെയും അഭാവം വരെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും ആഴമുള്ള കയങ്ങളിലേക്ക് തള്ളുമ്പോള്‍ അവരെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതിനു പകരം വിപ്ലവം പഠിപ്പിക്കാന്‍ ശ്രമക്കുന്നത് വിപ്ലവകാരികളുടെ വിപ്ലവബോധത്തിന്റെ അഭാവത്തെതന്നെയാണ് സൂചിപ്പിക്കുന്നത്.!
സി. കേശവനുണ്ണി

9633381478