ഈ മാസം പത്തിന്‌ തെളിവുകള്‍ ഹാജരാക്കണമെന്ന്‌ ബിജു രാധകൃഷ്‌ണനോട്‌ സോളാര്‍ കമ്മീഷന്‍

BIJU_RADHAKRISHNAN_1519342eകൊച്ചി: കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ബിജു രാധാകൃഷ്‌ണന്‍ ഈമാസം പത്തിന്‌ ഹാജരാക്കണമെന്ന്‌ സോളാര്‍ കമ്മീഷന്‍. മറ്റന്നാള്‍ ജയിലില്‍ അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്താനും ബിജു രാധാകൃഷണന്‌ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. ബിജു രാധാകൃഷണനില്‍ നിന്ന്‌ തെളിവുകള്‍ പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സോളാര്‍ കമ്മീഷന്‍ റിട്ട.ജസ്‌റ്റിസ്‌ ശിവരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
തെളിവ്‌ നശിപ്പിക്കാന്‍ സര്‍ക്കാരോ പോലീസോ ശ്രമക്കരുത്‌. ബിജുവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അഭിഭാഷകനെ കമ്മീഷന്‍ ശകാരിക്കുകയും ചെയ്‌തു. ബിജുവിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്‌ കമ്മീഷന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകനോട്‌ പറഞ്ഞു. തങ്ങള്‍ മണ്ടന്മാരല്ല, അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന്‌ നന്നായി അറിയാം. കമ്മീഷന്‍ അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കേരളം വിറയ്‌ക്കും.

അതേസമയം കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്‌ ബിജു രാധാകൃഷണന്‍ ഇന്നും കമ്മീഷന്‌ മുന്നില്‍ ആവര്‍ത്തിച്ചു. തെളിവുകള്‍ പുറത്തുവിടുന്ന കാര്യം അഭിഭാഷകനുമായി ആലോചിക്കുമെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു. തെളിവ്‌ ഹാജരാക്കാന്‍ 15 ദിവസമാണ്‌ ബിജു ആവശ്യപ്പെട്ടത്‌. എന്നാല്‍ അത്രയും ദിവസം അനുവദിക്കാനാകില്ലെന്ന്‌ വ്യക്തമാക്കിയ കമ്മീഷന്‍, തെളിവ്‌ ഹാജരാക്കുന്നതിനായി 7 ദിവസത്തെ സമയം നല്‍കുകയായിരുന്നു.