ഇ ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കും: മന്ത്രി ശൈലജ

Story dated:Wednesday July 6th, 2016,02 43:pm

k-k-shylaja-കൊച്ചി:  സംസ്ഥാനത്തെ എല്ലാ പൌരന്മാരുടെയും ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്ന ഇ–ഹെല്‍ത്ത് രജിസ്റ്റര്‍ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഇ–രജിസ്റ്റര്‍ വ്യക്തികളുടെ സമഗ്ര ആരോഗ്യരേഖയാകും. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ് രേഖകളൊന്നുമില്ലാതെ വിരല്‍സ്പര്‍ശത്തില്‍ ലഭ്യമാക്കാന്‍ ഇ–ഹെല്‍ത്ത് രജിസ്റ്റര്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിന്റെയും അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എറണാകുളം അടക്കം ഏഴു ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇ–ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുക. പ്രാഥമികതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍, ചികിത്സ, മരുന്നുകള്‍ തുടങ്ങിയവ രജിസ്റ്ററില്‍ ഉണ്ടാകുമെന്നതിനാല്‍ ആശുപത്രികളിലെത്തുമ്പോള്‍ കാലതാമസമില്ലാതെ വിദഗ്ധചികിത്സ ലഭിക്കും.

വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന സമഗ്ര ആരോഗ്യനയത്തിന്റെ പണിപ്പുരയിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. ജില്ല, താലൂക്ക് ആശുപത്രികളുടെ അവസ്ഥ പരിശോധിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായി താഴേതലത്തിലും പരിശോധന നടക്കും.

1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അടിയന്തരമായി മാറ്റംവരുത്തിയാലേ പ്രവര്‍ത്തനം കാര്യക്ഷമമാകൂ. രാജ്യത്ത് ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം കേരളത്തിലാണെങ്കിലും ആശുപത്രികളില്‍ തിരക്കൊഴിയുന്നില്ല. പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട മെഡിക്കല്‍ കോളേജുകളിലേക്കുള്ള രോഗികളുടെ ഒഴുക്ക് നിയന്ത്രിക്കണമെങ്കില്‍ ജില്ല, താലൂക്ക് ആശുപത്രികളുടെ നിലവാരം മെച്ചപ്പെടണം.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും. ഇവയുടെ പരിധിയിലുള്ളവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് തുടര്‍പരിശോധനകള്‍ ഉറപ്പാക്കും. ഭക്ഷണക്രമീകരണം, യോഗ തുടങ്ങിയവയും ചികിത്സയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കും. നിലവില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാക്കി ഉയര്‍ത്തിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് പാറ്റേണ്‍ പുതുക്കണം. താലൂക്ക് ആശുപത്രികളെ സ്പെഷ്യാലിറ്റി ആശുപത്രികളും ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുമാക്കി ഉയര്‍ത്തും.

ആശുപത്രികളുടെ പശ്ചാത്തല വികസനത്തിന് സഹായകമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സാസൌകര്യങ്ങളില്‍ മാത്രമല്ല, കെട്ടിലും മട്ടിലും മികച്ചതും സുന്ദരവുമാകണം. സ്പെഷ്യാലിറ്റി സൌകര്യത്തിന് വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം പ്രശ്നമാണ്. ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലെ വന്‍ ശമ്പളം സര്‍ക്കാര്‍മേഖലയില്‍ നല്‍കാനാവില്ല. പിജി പഠനം കഴിഞ്ഞിറങ്ങുന്നവര്‍ മൂന്നുവര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കണമെന്ന നിബന്ധന കൊണ്ടുവരുന്നത് ഇതു തരണംചെയ്യാനാണ്. ഇത്തരത്തില്‍ പഠനവും സേവനവും പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കുന്നതിന് പിഎസ്സിയുമായി ആലോചിച്ച് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.