ഇ മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

ray tomlinsonസാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ഇ മെയിലിന്റെ ഉപജ്ഞാതാവ് റെ ടോംലിന്‍സണ്‍ (74) അന്തരിച്ചു. സന്ദേശങ്ങള്‍ അയക്കുന്ന രീതിയെ വികസിപ്പിച്ച് ഇലക്ട്രോണിക് മെയില്‍ സംവിധാനം ഏര്‍പ്പെടുത്തിയത് സാങ്കേതിക മേഖലയില്‍ വന്‍ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച ടോം ലിന്‍സന്റെ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് സന്ദേശം അയക്കാന്‍ ആദ്യമായി സംവിധാനം കൊണ്ടുവന്നത് ടോംലിന്‍സനാണ്. ഇമെയില്‍ വിലാസങ്ങള്‍ക്ക് അറ്റ്(@) എന്ന ചിഹ്നം നല്‍കി സന്ദേശം അയക്കുന്നയാളെയും സ്വീകരിക്കുന്നയാളെയും തിരിച്ചറിയാന്‍ സംവിധാനം ഒരുക്കിയതും അദ്ദേഹമായിരുന്നു. ജി മെയില്‍ ടോം ലിന്‍സന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ട്വിറ്ററില്‍ റേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.

1971 ല്‍ ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായിരുന്ന അര്‍പ്പാനെറ്റ് കണ്ടുപിടിച്ചതും ടോംലിന്‍സനായിരുന്നു. ഇമെയില്‍ കണ്ടുപിടിച്ച കാലത്ത് വളരെ ചുരുക്കം ചിലര്‍ മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നുള്ളൂ. കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നുവെങ്കിലും ഇ-മെയില്‍ അയക്കാന്‍ നെറ്റ് കണക്ഷന്‍ വേണമെന്നതിനാല്‍ കുറച്ചു പേര്‍ മാത്രമാണ് ഇ മെയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇ മെയില്‍ സര്‍വ സാധാരണമാണ്.