ഇസ്‌ലാമിക് ഫൈനാന്‍സ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയില്‍ മാന്ദ്യം

ദോഹ: ഇസ്‌ലാമിക് ഫൈനാന്‍സ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെ എണ്ണ വിലയിലെ മാന്ദ്യം ഏറെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക മേഖലയില്‍ വന്‍ പുരോഗതി കൈവരിച്ചിരുന്നുവെങ്കിലും എണ്ണ വിലയില്‍ ഇടിവ് നേരിട്ടതിനാല്‍ അടുത്ത വര്‍ഷം കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്റ്റാന്റേര്‍ഡ് ആന്റ് പൂവേഴ്‌സ് റേറ്റിംഗ് സര്‍വീസ് കഴിഞ്ഞ ദിവസം അറിയിച്ചത്.

ആഗോള തലത്തില്‍ ഇസ്‌ലാമിക് ഫൈനാന്‍സ് രണ്ട് ട്രില്യണ്‍ ഡോളര്‍ അസറ്റ് കടക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ എണ്ണ വിലയിടിവും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുമാണ് പ്രതീക്ഷകളെ തകിടം മറിക്കുന്നത്. സ്റ്റാന്റേര്‍ഡ് ആന്റ് പൂവേഴ്‌സ് ഇസ്‌ലാമിക് ഫൈനാന്‍സ് ആഗോള തലവന്‍ മുഹമ്മദ് ദമാകാണ് ഇക്കാര്യം അറിയിച്ചത്. 2016ല്‍ ഒറ്റ ഡിജിറ്റിലേക്ക് താഴുന്ന അവസ്ഥയുണ്ടായേക്കാം. നിലവിലും കഴിഞ്ഞ കാലത്തും ഇസ്‌ലാമിക് ഫൈനാന്‍സ് പത്തിനും പതിനഞ്ചിനും ഇടയിലാണ് വളര്‍ച്ച കാണിച്ചിരുന്നത്. നിലവിലെ വളര്‍ച്ച നിലനിര്‍ത്താനും പ്രതികൂല സ്ഥിതി തരണം ചെയ്യാനുമുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും നടക്കുന്നുണ്ട്. എണ്ണ വിലക്ക് പുറമേ ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലകളില്‍ റഗുലേറ്ററി നിയമങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഇസ്‌ലാമിക് ഫൈനാന്‍സിനെ സാരമായി ബാധിക്കുന്നുണ്ട്. എണ്ണ സമ്പന്നമായ ജി സി സി രാജ്യങ്ങളുടെ നിക്ഷേപത്തിന്റെ പ്രധാനഭാഗം ഇസ്‌ലാമിക് ബാങ്കിംഗ് മേഖലയിലാണുള്ളത്. ആയതിനാല്‍ തന്നെ ജി സി സി രാജ്യങ്ങള്‍ സംയുക്തമായി ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷ മുഹമ്മദ് ദമാഖ് പ്രകടിപ്പിച്ചു.