ഇസ്രായേല്‍ കരയുദ്ധത്തിനൊരുങ്ങുന്നു.

ഗാസ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വളര്‍ത്തിക്കൊണ്ട് ഇസ്രായേല്‍ പലസ്തീനുമേലുള്ള ആക്രമണം ശക്തമാക്കി. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈജിപത് പ്രധാനമന്ത്രി ഹിഷാം കന്‍ഡില്‍ നടത്തിയ ഗാസാ സന്ദര്‍ശനത്തിനിടയിലും ഇസ്രായേലിന്റെ ആക്രമണം തുടര്‍ന്നു. ഇപ്പോള്‍ 30,000 സൈനികരെ തിരിച്ചു വിളിച്ച് ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

പലസ്തീനെയും പലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് വേര്‍പെട്ട് തീവ്ര നിലപാടുള്ള ഹമാസ് ഭരിക്കുന്ന ഗാസാ മുമ്പിനെയും തകര്‍ക്കാനായി വര്‍ഷങ്ങളായി ഇസ്രായേല്‍ നടത്തി വരുന്ന അടിച്ചമര്‍ത്തല്‍ നയത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഈ സംഘര്‍ഷം.

ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കാമന്‍ഡര്‍ അഹമ്മദ് അല്‍ ജാബരി കൊല്ലപ്പെട്ടതോടെയാണ് ആക്രമണം രൂക്ഷമായത്. ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.

പശ്ചിമേഷ്യന്‍ മേഖല വീണ്ടും യുദ്ധഭൂമിയായി മാറുന്നു എന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍.