ഇലക്‌ട്രിക്‌ ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കും: മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്‍

പൊന്നാനി;കേരളത്തിലെ ജനങ്ങള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണെന്നും അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്‌ട്രിക്‌ ബസ്സുകള്‍ നിരത്തിലിറക്കുകയാണ്‌ കെ.എസ്‌.ആര്‍.ടി.സി യുടെ ലക്ഷ്യമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. പൊന്നാനി കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയുടെ നവീകരിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി മൂന്ന്‌ ലോഫ്‌ലോര്‍ ബസുകളുടെ ഫ്‌ലാഗ്‌ ഓഫും മന്ത്രി നിര്‍വഹിച്ചു. പൊന്നാനി ഡിപ്പോയില്‍ ഒഴിവുള്ള 28 കണ്ടക്‌ടര്‍ തസ്‌തികകള്‍ ഉടന്‍ നികത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയില്‍ പി. ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷനായി.

വിശ്രമകേന്ദ്രം, അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്ക്‌, ജീവനക്കാര്‍ക്കുള്ള സൗകര്യം, റിസര്‍വേഷന്‍ കൗര്‍, കാന്‍ന്റീന്‍, സമ്മേളനഹാള്‍, പാര്‍ക്കിങ്‌ സൗകര്യം എന്നിവ ഉള്‍കൊള്ളിച്ചും ഡിപ്പോയുടെ നിലവിലുള്ള പരിമിതികള്‍ നികത്തിയുമാണ്‌ പുതിയ കെട്ടിടസമുച്ചയം നിര്‍മിച്ചിരിക്കുന്നത്‌. പി. ശ്രീരാമക്യഷ്‌ണന്‍ എം.എല്‍.എ യുടെ ആസ്‌തിവികസന ഫണ്ടില്‍ നിന്ന്‌ ഒരു കോടി ചെലവഴിച്ചാണ്‌ പുതിയ കെട്ടിടം നിര്‍മിച്ചത്‌. പൊതുവെ തിരക്കേറിയ പൊന്നാനി ഡിപ്പോയില്‍ സൂപ്പര്‍ഫാസ്റ്റ്‌ ഓര്‍ഡിനറി, ജനറല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. തിരുവനന്തപുരം, കോഴിക്കോട്‌, എറണാകുളം എന്നിവിടങ്ങളിലേക്ക്‌ എട്ട്‌ സൂപ്പര്‍ഫാസ്റ്റ്‌ സര്‍വീസുകളും കോഴിക്കോട്‌ ഗുരുവായൂര്‍, പൊന്നാനി കുറ്റിപ്പുറം എന്നിവിടങ്ങളിലേക്ക്‌ ലോഫ്‌ലോര്‍ സര്‍വീസുകളുമാണ്‌ പൊന്നാനിയില്‍ നിന്നുള്ളത്‌.

പരിപാടിയില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്‌ കുഞ്ഞി, പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, കെ.എസ്‌.ആര്‍.ടി.സി. ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം എം.വി. ശ്രീധരന്‍, കെ.എസ്‌.ആര്‍.ടി.സി. മാനെജിങ്‌ ഡയറക്‌ടര്‍ ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പി.എം. ഷറഫ്‌ മുഹമ്മദ്‌, സോണല്‍ ഓഫീസര്‍ കെ.പി. വിന്‍സന്റ്‌, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.