ഇറ്റ് ഫോക്ക്ന് തിരശ്ശീല ഉയര്‍ന്നു.

തൃശ്ശൂര്‍: പൂരനഗരി ലോകനാടകാനുഭവങ്ങളുടെ നിറവിലേക്ക് ഉണരുന്നു. സാംസ്‌കാരിക തലസ്ഥാനത്തിന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഇനി ഏഴു നാടക രാവുകള്‍. വ്യത്യസ്തങ്ങളായ ്അഭിനയ പ്രയോഗസാധ്യതകളുടെ സൂക്ഷ്മാംശങ്ങളിലേക്ക് നഗരം കണ്ണുതുറക്കുന്നു. സാംസ്‌കാരികവകുപ്പും കേരളസംഗീതനാടക അക്കാദമിയും സംയുക്തമായി നടത്തുന്ന രാജ്യാന്തര നാടകോത്സവം ‘ഇറ്റ് ഫോക്ക്, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, തൃക്കേക്കുളം അച്യുതമാരാര്‍, പാറശ്ശാല ബി. പൊന്നമ്മാള്‍, എം.വി. ദേവന്‍ എന്നിവര്‍ സംയുക്തമായി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രാജസ്്ഥാനിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ‘മംഗനിയര്‍’ സംഗിത കച്ചേരി നടന്നു.

കാവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്ത കാളിദാസന്റെ ‘മാളവികാഗ്നിമിത്രം’ നാടകത്തോടെയാണ് ഉത്സവം ആരംഭിച്ചത്. ബ്രിട്ടന്‍, ഇറ്റലി, ഇസ്രയേല്‍, ലിത്വാനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ നാടകങ്ങള്‍ വരും ദിനങ്ങളില്‍ അരങ്ങിലെത്തുന്നു. തൃശ്ശുരിനു പുറമെ കോഴിക്കോട്ടും തിരുവനന്തപുരത്തും തിരഞ്ഞെടുത്ത നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. നാടകോല്‍സവത്തില്‍ കഥകളി, കൃഷ്ണനാട്ടം, തെയ്യം, തോല്‍പ്പാവക്കുത്ത് എന്നിവയും അവതരിപ്പിക്കുന്നുണ്ട്. ഇന്ന് ബ്രിട്ടീഷ് നാടകമായ ‘ഗോള്‍ഡന്‍ ഡ്രാഗണും’ ഇന്ത്യന്‍ ഇംഗ്ലീഷ് നാടകമായ ‘ഇന്റര്‍വ്യൂ’ വും രംഗത്തെത്തും.