ഇറ്റാലിയന്‍ വിലാപ കാവ്യവുമായി മനോരമ

രാഷ്ട്രീയ യജമാന്‍മാര്‍ രാഷ്ട്രവിരുദ്ധ ഗൂഢാലോചനയുടെ ചെളിക്കുണ്ടില്‍ താഴുമ്പോള്‍ പ്രൊഫഷണല്‍ രക്ഷാവൈദിഗ്ധ്യവുമായി മലയാളത്തിന്റെ സുപ്രഭാതം !

കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കപ്പല്‍കൊല സത്യവാങ്മൂലത്തിന്റെ ഇരുട്ടിലാണ് മനോരമയുടെ സുപ്രഭാത വിലാപം. ഇതിന് മണ്ണൊരുക്കി വെള്ളിയാഴ്ച്ച ആറുകോളത്തിലാണ് ഇറ്റാലിയല്‍ വ്യഥകളുടെ സചിത്രഗാഥയുമായി മനോരമ ഇറങ്ങിയത്. പാവപ്പെട്ട മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരും അവരുടെ ബന്ധുക്കളും തമ്മിലുള്ള പുനസമാഗമത്തിന്റെ വിതുമ്പലുകളാണ് മുത്തശ്ശിയുടെ ശോകവിവരണങ്ങള്‍ക്ക് നിമിത്തമായിരിക്കുന്നത്. ബന്ധുക്കളും തടവുകാരും തമ്മിലുള്ള സമാഗമവേളയില്‍ ഇവരുടെ ദീര്‍ഘനേര സ്‌നേഹചുംബനങ്ങള്‍ കണ്ടുനിന്ന ജയിലധികാരികളുടെ പോലും കണ്ണുനിറയിച്ചതിന് മനോരമ സാക്ഷ്യം. ജയിലഴികള്‍ കരഞ്ഞെന്നു പറയാത്ത് ഭാഗ്യം.
ശനിയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ ഒത്താശചെയ്ത ഇറ്റാലിയന്‍ അനുകൂല സത്യവാങ്മൂലം ഏതോ വക്കീലിന്റെ മാനസിക വിഭ്രാന്തിയായി സ്ഥാപിച്ചെടുക്കാന്‍ ഒന്നാം പേജില്‍ പത്രം നടത്തിയ മലക്കംമറിച്ചില്‍ ദയനീയം. ഉള്‍പേജുകളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഒരുകോടി രൂപയുടെ മോഹനവാഗ്ദാനം മനോരമ വഴി.

മനോരമ സാര്‍വ്വ ദേശീയ മാനവികതയുടെ മനസറിയുന്ന പത്രം തന്നെ !