ഇറാഖില്‍ സ്‌ഫോടനപരമ്പര; 49 മരണം.

ബാഗ്ദാദ്: സ്‌ഫോടനങ്ങളാല്‍ 12 ഓളം ഇറാഖി നഗരങ്ങള്‍ വെറുങ്ങലിച്ചു. തുടര്‍ച്ചയായ 26 ബോംബ് സ്‌ഫോടനങ്ങളാണ് നഗരങ്ങളിലുണ്ടായത്. സ്‌ഫോടനത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അറബിലീഗിന്റെ ഉന്നതതലയോഗം ബാഗ്ദാദില്‍ മാര്‍ച്ച് 27 മുതല്‍ 29 വരെ നടക്കാനിരിക്കെയാണ് സ്‌ഫോടനങ്ങള്‍ നടന്നു എന്നത് ഗൗരവമേറിയതാണ്. ഇറാഖില്‍ സുരക്ഷാസംവിധാനങ്ങള്‍ എത്രത്തോളം സജ്ജമാണെന്നത് വിലയിരുത്തപ്പെടും. സദ്ദാം ഹുസൈന്‍ 1990 ല്‍ കുവൈത്ത് ആക്രമിച്ചശേഷം ആദ്യമായാണ് അറബ് ലീഗ് ഇവിടെ നടക്കുന്നത്. രാജ്യത്തെ സുരക്ഷാസംവിധാനത്തെകുറിച്ച് നെഗറ്റീവായ ചിത്രം നല്‍കാനുമാണ് ഇന്നത്തെ ആക്രമണത്തിന്റെ ഉദ്ദേശമെന്ന് സര്‍ക്കാര്‍ വക്താവ് അലി അല്‍ദബാഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തീര്‍ത്ഥാടനകേന്ദ്രമായ കര്‍ബലയില്‍ 13 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. തലസ്ഥാനമായ ബാഗ്ദാദിലടക്കം 12 നഗരങ്ങളില്‍ സ്‌ഫോടനമുണ്ടായി. ചില നഗരങ്ങളില്‍ ബോംബുകള്‍ പോലീസ് കണ്ടെത്തി നിര്‍വീര്യമാക്കി.
പ്രധാനമായും പോലീസ് ചെക്‌പോസ്റ്റുകളിലും പട്രോളിംങ് വിങ്ങുകള്‍ക്ക് സമീപത്തുമാണ് സ്‌ഫോടനം ഉണ്ടായത്.