ഇരുപത്‌ വര്‍ഷത്തിനിടയില്‍ ഖത്തറിലുണ്ടായത്‌ വിസ്‌മയകരമായ വളര്‍ച്ച;സാമ്പത്തികകാര്യ മന്ത്രി

ദോഹ: വിസ്മയകരമായ വളര്‍ച്ചയാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഖത്തറിലുണ്ടായതെന്ന് സാമ്പത്തികകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു.
കാര്‍ണിഷ് മെലന്‍ യൂണിവേഴ്‌സിറ്റിയുടെ 2015- 16 വര്‍ഷത്തെ ഡീന്‍സ് ലക്ചറര്‍ സീരിസിലെ ആദ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എണ്ണവിലയിലെ കുറവ് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ എന്നതായിരുന്നു വിഷയം.
കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്ക്കരണത്തിനും സ്വകാര്യവത്ക്കരണത്തിനും കൂടുതല്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം അറിയിച്ചു.
അടിസ്ഥാന സൗകര്യം, ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം എന്നീ മേഖലകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്കുന്നത്.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യവസായ പ്രമുഖര്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ തുടങ്ങി മുന്നൂറിലേറെ പേര്‍ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു.