ഇന്ന് ഹോളി; രാജ്യത്ത്‌ കനത്ത സുരക്ഷ

Holi-Indian-Festival-1നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ന് .ഹോളിയുടെ ആഘോഷതിമിര്‍പ്പിലാണ് ഉത്തരേന്ത്യ. ചായക്കൂട്ടുകളൊരുക്കിയാണ് നാടും നഗരവും ഹോളിയെ വരവേറ്റത്. വര്‍ണങ്ങളുടെ ഉത്സവമാണ് ഹോളി. നിറങ്ങള്‍ വാരിപ്പൂശുന്നവര്‍ ഒരുമയുടെ ആഘോഷമാണ് പങ്കുവയ്ക്കുന്നത്. വര്‍ണങ്ങള്‍ വാരി വിതറിയും സ്വയം വര്‍ണത്തില്‍ ആറാടിയും ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷത്തിലാണ്.

പ്രകൃതി ദത്ത ചായങ്ങള്‍ക്കൊപ്പം കൃത്രിമ ചായങ്ങളും ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്നു. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആനന്ദ നൃത്തമാടുന്നു. മധുരങ്ങള്‍ കൈമാറിയും ആശംസകള്‍ നേര്‍ന്നും ഹോളി ആഘോഷമാക്കുന്നു. ഉത്തരേന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ദക്ഷിണേന്ത്യയിലും ഹോളി വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

ഐതിഹ്യങ്ങള്‍ നിരവധിയാണെങ്കിലും ഹോളി ആഘോഷത്തിലാണ് മതജാതി വ്യത്യാസമില്ല. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെയും ഹോളിക്ക് പിന്നില്‍ കഥകളുണ്ട്. ഉത്തരേന്ത്യയില്‍ കൂടുതല്‍ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരി ഹോളിഗയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതെന്നാണ് വിശ്വാസം.

ബ്രസല്‍സില്‍ തീവ്രവാദ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്. ദില്ലിയില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.