ഇന്ന്‌ സംസ്ഥാനത്ത്‌ വ്യാപാരികള്‍ കടകളടച്ച്‌ സമരം നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപാരികള്‍ കടകളടച്ച് സമരം നടത്തുന്നു. കച്ചവടക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി വാടക കുടിയാന്‍ നിയമം നടപ്പാക്കുക, ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ പിഴ ചുമത്തുന്ന നികുതി ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് സമരം നടത്തുന്നത്.

സര്‍ക്കാരിനെതിരായ തുടര്‍ സമരം തീരുമാനിക്കുന്നതിനായി വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനും വിളിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി അരലക്ഷത്തിലധികം പേര്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ ഭാഗമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നാസറുദ്ദീന്‍ അറിയിച്ചു. സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലയിലെ ഒരുവിഭാഗം കടയടപ്പ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കും. പകരം സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇവര്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട്.