ഇന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ ദിവസവും എണ്ണവിലയില്‍ മാറ്റം വരും

ന്യൂഡല്‍ഹി : പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസലിന് 44 പൈസയും വര്‍ധിപ്പിച്ചു. വര്‍ധന അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. ഏപ്രില്‍ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു. അതേസമയം, രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ തിങ്കളാഴ്ചമുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ദിവസംപ്രതിയുള്ള മാറ്റം നിലവില്‍വരും. രാജ്യാന്തര എണ്ണവിലയുമായി തട്ടിച്ചായിരിക്കും വിലവ്യത്യാസം നടപ്പാക്കുക. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, രാജസ്ഥാന്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിലമാറ്റം നടപ്പിലാക്കുക.

അന്തര്‍ദേശീയതലത്തിലെ രണ്ടാഴ്ചത്തെ ശരാശരിവില കണക്കാക്കിയാണ് നിലവില്‍ മാസത്തില്‍ രണ്ട് തവണവീതം വിലവ്യത്യാസം നടപ്പാക്കുന്നത്. ഈ രീതി മാറ്റി ദിവസന്തോറും വിലവ്യത്യാസപ്പെടുത്തുന്ന സമ്പ്രദായം കൊണ്ടുവരുന്നതിന്റെ  തുടക്കമായാണ് അഞ്ചുനഗരങ്ങളില്‍ പരീക്ഷിക്കുന്നത്. പെട്രോള്‍ വിലനിയന്ത്രണാവകാശം 2010ലും ഡിസലിന്റേത് 2014ലും കേന്ദ്രഗവണ്‍മെന്റ് പൂര്‍ണമായി എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തിരുന്നു.