ഇന്നലെകള്‍ ഈവഴികള്‍…….

  സുള്‍ഫി താനൂര്‍

ഗൃഹാതുരതകള്‍ ആലസ്യങ്ങളല്ലെന്നും ആ അനുഭവങ്ങള്‍ ഈ ജീവിതത്തിന്റെ പെരുവഴികളില്‍, ആള്‍ക്കൂട്ടങ്ങളിലെ ഏകാന്തതകളില്‍, ഒറ്റപ്പെടലുകളില്‍ ജീവിത്തിന്റെ അശാന്തികളില്‍ കുളിരുപകര്‍ന്ന് തളരുന്ന കാലടികള്‍ക്കും മനസ്സിനും കരുത്തേകാന്‍ ഉപകരിക്കട്ടെ.

അതുകൊണ്ട് ഓര്‍ത്തുകൊണ്ടേയിരിക്കുന്നു-എന്നെ ഞാനാക്കിയ എല്ലാത്തിനെയും. തന്നത്താനുള്ള ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ആര്‍ക്കെങ്കിലും ഒരുള്ളുണര്‍വ്വിന് കാരണമാകാതിരിക്കില്ല. ഒന്നും തിരിച്ചുപിടിക്കാനല്ല, തിരസ്‌കരിക്കാതിരിക്കാന്‍..
ഒരാലിന്‍ചുവടാണ് ബസ്റ്റാന്റ്. ഇത് ‘തെരുവ്’ എന്ന ഗ്രാമപട്ടണം. പക്ഷേ കവാടമെന്ന് പറഞ്ഞ്് ഗ്രാമത്തിന് അതിരിടാനാവില്ല. ഇവിടെ അഞ്ചാറ്മുറികളുള്ള ഏകകെട്ടിടം. അതിലാണ് ചായക്കട, ബാര്‍ബര്‍ഷോപ്പ്, കഷായപ്പീടിക, പിന്നെ ബോര്‍ഡുവെച്ച ഓരേയൊരു കടയായ ‘ചെട്ട്യാര്‍ ക്ലോത്ത് മര്‍ച്ചെന്റും’. ചായക്കടയില്‍ ആകാശവാണി പ്രക്ഷേപണമാരംഭിക്കുന്നതു മുതല്‍ ‘ഇരുപത്താറേ ദശാംശം പൂജ്യം ആറ് മീറ്ററില്‍ ഇന്നത്തെ പ്രക്ഷേപണം അവസാനിക്കുന്ന’തുവരെ റേഡിയോ തുറന്നുതന്നെയിരിക്കും. ചില്ലുകൂട്ടില്‍ ആവിപാറുന്ന പിട്ടും വെള്ളപ്പവും നെയ്യപ്പവുമെല്ലാം നിരന്നിരിക്കും. കുപ്പിഭരണിയില്‍ അരിമുറുക്കും കൊന്നപ്പൂങ്കുലപോലെ മടക്കുമുണ്ടാകും. മറ്റൊരു മുറി അരിച്ചാക്കിന്റെയും ശര്‍ക്കരവെല്ലത്തിന്റെയും മണംപരത്തിനില്‍ക്കുന്ന പലചരക്കുകട. തെരുവിലെ വലിയ മരത്തണലുകളില്‍. ഒന്നുരണ്ട് പെട്ടിക്കടകളുമുണ്ട്.

asokan adipurayidath

ഗ്രാമഹൃദയങ്ങത്തിലൂടെ ടാറിട്ട ഒരേയൊരു റോഡും പാടത്തെ രണ്ടാക്കിക്കൊണ്ട് തീവണ്ടിപ്പാളവും കടന്നുപോകുന്നു. പാളത്തിലൂടെ വല്ലപ്പോഴും യാത്രാതീവണ്ടികളും ഇടയില്‍ ഗുഡ്‌സ് വാഗണുകളും പുകതുപ്പിക്കടന്നുപോകും. അതിന്റെ കൂവല്‍ വയല്‍ക്കരയ്ക്കപ്പുറത്തും കേള്‍ക്കാം.
രാവിലെയും വൈകീട്ടുംമാത്രം ഓടുന്ന രണ്ടേരണ്ടു ബസ്സുകള്‍. തറകെട്ടിയ അരയാല്‍ ചുറ്റിവളച്ച് നിര്‍ത്തിയിട്ട് ബസ്സ്ജീവനക്കാര്‍ ചായക്കടയില്‍നിന്ന് പത്രവും വായിച്ച് ചായകുടിച്ചിരിക്കും, യാത്രക്കാരാകാന്‍. കൂക്കിവിളിച്ചുപായുന്ന തീവണ്ടികളും വലിയശബ്ദത്തില്‍ ഗിയര്‍ മാറ്റി, ‘പോം പോം’ ഹോണും മുഴക്കി, മുക്കിലും മൂലയിലും നിര്‍ത്തിപ്പോകുന്ന ബസ്സകളുമാണ് ഗ്രാമത്തിന്റെ പൊതുഘടികാരങ്ങള്‍.
ചക്രത്തിലും കാളക്കഴുത്തിലും കെട്ടിയ മണികള്‍ കിലുക്കിക്കൊണ്ട് നടവഴിയിലൂടെ ഇടയ്ക്ക് കാളവണ്ടികള്‍ പോകും, പാണ്ട്യാലയിലേക്കുള്ള തേങ്ങയോ മില്ലിലേക്കുള്ള കൊപ്രയോ ഒക്കെയാകും വണ്ടിയില്‍. ചിലപ്പോള്‍ ബസ്സിന്റെ മുകളില്‍ കെട്ടിവെച്ച് ടൗണിലേക്ക് അയക്കാനുള്ള പച്ചക്കറികളും വെറ്റിലയുമാകും.
നിയതമായൊന്നുകൊണ്ടും അതിര് നിശ്ചയിക്കാനാവാതെ നീണ്ടുപരന്ന് കിടക്കുകയാണ് ഗ്രാമം. അകത്ത് നടക്കാവും നാലുംകൂടിയ വഴിയും ചന്തപ്പറമ്പും ശോഭപ്പറമ്പും കുന്നിന്‍പുറവും ഓണക്കാടും കാട്ടിലങ്ങാടിയും സ്‌കൂള്‍പ്പടിയും പൂരപ്പറമ്പും വാഴക്കാത്തെരുവുമൊക്കെയായി. ആളും അനക്കവുമുള്ള ദേശങ്ങള്‍. റോഡില്‍നിന്ന് തിരിയുന്ന നാട്ടുപാതകള്‍ വഴി പുറപ്പെട്ടാല്‍ വയലിലൂടെ, തോട്ടിന്‍കരയിലൂടെ, തൊടികളിലൂടെ നടന്നുനടന്ന് ഈ ഉലകംമുഴുവനുംചുറ്റാം. പക്ഷേ പുഴക്കരയിലേക്കും കുന്നിനുമുകളിലെ കാട്ടിലേക്കും ചെല്ലുന്ന വഴികളെല്ലാം അവിടെവെച്ചവസാനിക്കും.
വേനലല്‍വെയിലിന്റെ പൊള്ളല്‍ച്ചൂടറിയിക്കാത്ത തണല്‍മരങ്ങള്‍ പന്തലിട്ട നാട്ടുവഴികള്‍. (പണ്ട് ഈ വഴികളിലെവിടെയൊക്കെയോ തണ്ണീര്‍പ്പന്തലുകളുണ്ടായിരുന്നുവത്രേ. വഴിയാത്രക്കാര്‍ക്ക് ഇളവേറ്റ്, ഉപ്പും നാരകത്തിന്റെ ഇലയും പച്ചമുളകും മുറിച്ചിട്ട മോരുവെള്ളം കുടിച്ച് ദാഹവും തീര്‍ത്ത് യാത്രതുടരാം.) പൊതുവഴികള്‍ക്കിരുവശവും ഇടക്കൊക്കെ കല്ലത്താണികള്‍. അത്താണികളുള്ളസ്ഥലങ്ങളില്‍ മിക്കതിനും വട്ടത്താണി, കരിങ്കല്ലത്താണി എന്നിങ്ങനെ അത്താണിചേര്‍ത്തപേരുകളും. അത്താണികള്‍ ചുമടുമായിപ്പോകുന്നവര്‍ക്ക് നടുനിവര്‍ത്താനുള്ളതാണ്. ആരുടെസഹായവുമില്ലാതെ ചുമട് ഇറക്കുകയും തലയിലേറ്റുകയും ചെയ്യാം.

l
ഗ്രാമശ്രീകള്‍……………..
ആധുനികനായ എനിക്കും നിങ്ങള്‍ക്കും ചുമക്കുവാന്‍ ചുമടുകളേറെയുണ്ട് പക്ഷേ ചുമടിറക്കാന്‍ ഒരു അത്താണിയുമില്ലാതാകുന്നു. ജീവിതത്തിന്റെ നെടുംപാതകളങ്ങനെ ഉറ്റുനോക്കുമ്പേള്‍ ഈ ഓര്‍മ്മകളുടെ, ഗൃഹാതുരതകളുടെ തണ്ണീര്‍പന്തലുകള്‍ ബാക്കിയുള്ളതേ ഒരു സൗഭാഗ്യം, അതുകൂടി ഇല്ലാത്ത നമ്മുടെ മക്കളോ…
l