ഇന്ത്യയോടുള്ള സ്‌നേഹം വെളിപ്പെടുത്തിയ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്

afridiലാഹോര്‍: പാകിസ്താനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്നും ലഭിക്കുന്നുെവന്നു പറഞ്ഞ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്. അഫ്രീദി രാജ്യത്തിന്റെ പൊതുവികാരങ്ങള്‍ക്കെതിരെയാണ് അഫ്രീദിയുടെ പ്രസ്താവന എന്നാരോപിച്ച് അഡ്വക്കേറ്റ് അസ്ഹര്‍ സിദ്ദിഖ് ആണ് ലാഹോര്‍ ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. പ്രസ്താവനയ്ക്ക് വിശദീകരണമാവശ്യപ്പെട്ടുകൊണ്ടാണ് താരത്തിനുള്ള വക്കീല്‍ നോട്ടീസ്.

നേരത്തെ ഇന്ത്യയുടെ സ്‌നേഹത്തെക്കുറിച്ചുള്ള അഫ്രീദിയുടെ പരാമര്‍ശം നാണംകെട്ടതെന്ന് ജാവേദ് മിയാന്‍ദാദ് പറഞ്ഞിരുന്നു. കളിക്കാര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് അപമാനകരമാണെന്നും ജാവേദ് പറഞ്ഞു.

ഇന്ത്യയില്‍ കളിച്ചയത്രയും ആസ്വദിച്ച് മറ്റെവിടെയും താന്‍ കളിച്ചിട്ടില്ലെന്നായിരുന്നു അഫ്രീദിയുടെ പ്രസ്താവന. ക്രിക്കറ്റ് ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന താന്‍, ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്‌നേഹം മറക്കില്ലെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ലഭിച്ചയത്രയും സ്‌നേഹം തങ്ങള്‍ക്ക് പാക്കിസ്താനില്‍ നിന്ന് പോലും ലഭിച്ചിട്ടില്ലെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. പാക്കിസ്താനിലെപ്പോലെ തന്നെ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ജനങ്ങളാണ് ഇന്ത്യയിലുമുള്ളത്. തന്റെ കരിയറിലെ ഏറ്റവും മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചത് ഇന്ത്യയാണെന്നായിരുന്നു അഫ്രീദിയുടെ പ്രസ്താവന.

ഇന്ത്യാ സ്നേഹ പരാമര്‍ശത്തിന്റെ പേരില്‍ പാക് മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് അഫ്രീദിക്ക് നേരിടേണ്ടി വന്നത്.