ഇന്ത്യയില്‍ മനസ്‌ തുറന്ന്‌ സംസാരിക്കാന്‍ ഞാന്‍ ഭയപ്പെടുന്നു;എം മുകുന്ദന്‍

ദോഹ: ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളില്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ താന്‍ ഭയപ്പെടുന്നതായി നോവലിസ്റ്റ് എം മുകുന്ദന്‍. ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ കുറവാണ്. മാത്രമല്ല, സംസാരിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുമുണ്ട്. രാഷ്ട്രീയ താത്പര്യങ്ങളോടെയല്ല പല കാര്യങ്ങളും സംസാരിക്കുന്നതെങ്കിലും ഊമക്കത്തുകളും ഭീഷണി ഫോണുകളും ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സാമൂഹ്യ പ്രര്‍ത്തനവും അധികാരത്തില്‍ നിന്ന് മാറി നടക്കലുമായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉന്നം വെച്ചിരുന്നതെങ്കില്‍ ഇപ്പോഴതിന്റെ നിര്‍വചനം മാറിയിരിക്കുകയാണ്. പോസിറ്റീവായിരുന്ന രാഷ്ട്രീയം ഇപ്പോള്‍ നെഗറ്റീവായും അനുഭവപ്പെടുകയാണെന്നും എം മുകുന്ദന്‍ പറഞ്ഞു.

രാഷ്ട്രീയം അധികാരത്തിനുള്ള ഉപാധിയായി മാറിയതോടെ ഏറെ സങ്കീര്‍ണ്ണമായിരിക്കുകയാണ്. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും എന്തുകാര്യം പറയുമ്പോഴും അത് ഏതുപക്ഷത്തു നിന്നാണ് പറയുന്നതെന്നാണ് ഇപ്പോള്‍ നോക്കുന്നത്. ഇടതാണോ വലതാണോ അനുകൂലമാണോ പ്രതികൂലമാണോ എന്നൊക്കെയുള്ള നോട്ടത്തിലൂടെയാണ് പലപ്പോഴും വിലയിരുത്തുന്നത്. എഴുത്തുകാരെ ചില കള്ളികളിലേക്ക് ഒതുക്കാനാണ് ശ്രമം നടക്കുന്നത്.

താന്‍ ഭയമില്ലാത്തയാളാണെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ ധൈര്യം ചോര്‍ന്നു പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോസ്റ്റ് കാര്‍ഡുകളിലൊക്കെയാണ് ഊമക്കത്തുകള്‍ അയക്കുന്നത്. അതുകൊണ്ടുതന്നെ പലരും വായിച്ചതിന് ശേഷമാണ് അത്തരം കത്തുകള്‍ കൈകളിലെത്തുന്നത്. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴാണ് പലപ്പോഴും ഭീഷണി ഉയരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുകയാണ് നല്ലത്. എന്നാല്‍ തന്നെപോലുള്ളവര്‍ക്ക് അത്തരം മൗനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതുകൊണ്ട് നിരന്തരം ഭീഷണി നേരിടേണ്ടി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരിക്കല്‍ ടെലിവിഷന്‍ വാര്‍ത്തയില്‍ തന്റെ കോലം കത്തിക്കുന്നത്കണ്ട് ആകെ അസ്വസ്ഥനായിപ്പോയിട്ടുണ്ട്. മറ്റൊരു എഴുത്തുകാരനോട് ഈ വിവരം പങ്കുവെച്ചപ്പോള്‍ അതൊരു സാധ്യതയായാണ് വിലയിരുത്തേണ്ടത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ, കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരം ഭീഷണികളേയും കോലം കത്തിക്കലുകളേയും അതിജീവിക്കാന്‍ സാധിക്കുന്നുണ്ടാകുമെന്നും എന്നാല്‍ തന്നെ പോലെ നാടുവിട്ട് ജീവിച്ച് തിരികെ വന്നവര്‍ വളരെ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധവും പ്രതിരോധവും കേരളത്തില്‍ ആഘോഷിക്കപ്പെടുകയാണ്. കേരളത്തിലിപ്പോള്‍ തീരാത്ത പ്രശ്‌നങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ പഴയകാല എഴുത്തുകാരായ തകഴിയെ പോലുള്ളവര്‍ ഭാഗ്യവാന്മാരാണെന്നാണ് താന്‍ ചിന്തിക്കുന്നത്. അന്നത്തെ കാലത്ത് ഉള്ളവനും ഇല്ലാത്തവനും എന്ന പ്രശ്‌നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ വര്‍ഗ്ഗീയതയും ഫാഷിസവും പരിസ്ഥിതിയും പീഡനവും തുടങ്ങി നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയാണ്.

ഇക്കാലത്തെ പ്രശ്‌നങ്ങളെ എങ്ങനെയാണ് തരണം ചെയ്യേണ്ടതെന്നറിയില്ല. വര്‍ഗ്ഗീയതയെ തടയേണ്ടവര്‍ തന്നെയാണ് വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നത് എന്നത് സങ്കടകരമായ അവസ്ഥയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കുന്നത് പോലും ജാതിയും മതവും നോക്കിയാണ്. സംശുദ്ധ രാഷ്ട്രീയമല്ല പ്രായോഗിക രാഷ്ട്രീയമാണ് ഇപ്പോഴുള്ളത്. ലക്ഷ്യത്തിലെത്താന്‍ എന്തുവഴിയും സ്വീകരിക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലയാളിയെ നിലനിര്‍ത്തിയിരുന്ന രാഷ്ട്രീയം ക്ഷയിച്ചതോടെ സമൂഹം അനാഥമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ കാര്യങ്ങളേയും വിമര്‍ശന മനസ്സോടെ കാണുന്നതിന് പകരം അതിന്റെ ഗുണവശങ്ങള്‍ കൂടി മനസ്സിലാക്കണമെന്നും എം മുകുന്ദന്‍ ആവശ്യപ്പെട്ടു. ടെലിവിഷന്‍ സീരിയലുകളെ പോലും താന്‍ ഗുണപരമായാണ് വീക്ഷിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ പലയിടങ്ങളിലും ടെലിവിഷന്‍ സീരിയലുകള്‍ കണ്ടാണ് കുട്ടികള്‍ മലയാളം പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെപ്പോലുള്ള എഴുത്തുകാര്‍ ഭയപ്പെടുന്നതു പോലെ എഴുത്തുകാരെ അധികാരികളും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കല്‍ബുര്‍ഗിയെ പോലുള്ളവര്‍ കൊല്ലപ്പെടുന്നത്.

കേരളത്തിലെ എഴുത്തുകാര്‍ക്ക് ആദ്യകാലത്ത് ശബ്ദം നല്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നുവെങ്കിലും പിന്നീട് ഡോ. സുകുമാര്‍ അഴീക്കോടാണ് ആ ദൗത്യം നിര്‍വഹിച്ചത്. താനും സുകുമാര്‍ അഴിക്കോടും വി ആര്‍ സുധീഷും ഒന്നിച്ചിരിക്കവെ, മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ചതിന് ഭീഷണിയുമായി അഴീക്കോടിനെ ആരോ വിളിച്ചു. ഒന്നുംമിണ്ടാതെ ഭീഷണി കേട്ടിരുന്ന അഴീക്കോടില്‍ നിന്നും ടെലിഫോണ്‍ പിടിച്ചുവാങ്ങി വി ആര്‍ സുധീഷാണ് നല്ല മറുപടി നല്കിയത്.

കല്‍ബുര്‍ഗി സംഭവത്തോടെ എഴുത്തുകാര്‍ക്കിടയില്‍ ഒരു കൂട്ടായ്മ ഉണ്ടായതായും എം മുകുന്ദന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പുരസ്‌ക്കാരം തിരികെ നല്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലകമോ പണമോ തിരികെ നല്കിയതുകൊണ്ടുമാത്രം കാര്യമില്ല. പുരസ്‌ക്കാരത്തിലൂടെ ലഭിച്ച ആദരവും വലുപ്പവും തിരികെ കൊടുക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല, തനിക്കോ തന്നെപ്പോലെയുള്ളവര്‍ക്കോ ബി ജെ പിയല്ല പുരസ്‌ക്കാരം നല്കിയത്. അതുകൊണ്ട് അവര്‍ക്കത് തിരികെ കൊടുക്കേണ്ട കാര്യവുമില്ല. സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ സാഹിത്യ അക്കാദമിയാണ് പുരസ്‌ക്കാരങ്ങള്‍ നല്കുന്നത്. അക്കാദമിയില്‍ നിന്നും രാജിവെക്കുന്നതോടെ അവിടെ പ്രവര്‍ത്തന സ്തംഭനമുണ്ടാവുകയും സര്‍ക്കാറിന് ഇടപെടാനുള്ള അവസരം നല്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അക്കാദമികളില്‍ നിന്നും രാജിവെക്കുന്നത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് തൂണേരി സ്വാഗതവും സെക്രട്ടറി സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു.