വിദേശത്തുനിന്ന്‌ ടിവി സെറ്റുകള്‍ ഇന്ത്യയിലേക്ക്‌ എത്തിക്കുമ്പോള്‍ കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കിയെന്ന വാര്‍ത്ത തെറ്റ്‌

ദോഹ: ഇന്ത്യയില്‍ എല്‍  ഇ ഡി, എല്‍ സി ഡി ടെലിവിഷന്‍ സെറ്റുകള്‍ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയെന്ന വിവരം ശരിയല്ലെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്ക് 30 ശതമാനം ഡ്യൂട്ടിഈടാക്കുന്നത് തുടരുന്നുണ്ട്.
കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ഏതാനും മാസങ്ങളായി പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏതൊരു വസ്തുവിനെയും പോലെ ടെലിവിഷന്‍ സെറ്റിനും ഇറക്കുമതി തീരുവ നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ യാതൊരുവിധ ഇളവുകളും അനുവദിച്ചിട്ടില്ല. നേരത്തെ ഈടാക്കിയിരുന്ന 30 ശതമാനം ഡ്യൂട്ടി തന്നെയാണ് ഇപ്പോഴും ചുമത്തുന്നത്.
ഇടക്കാലത്ത് എല്‍ ഇ ഡി, എല്‍ സി ഡി സെറ്റുകള്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് 32- 40 ഇഞ്ച് സെറ്റുകള്‍ കൊണ്ടു പോയത്. ഓരോ വിമാനത്തിലും പകുതിയോളം പേര്‍ ടി വി സെറ്റുകള്‍ കൊണ്ടു പോയതായി പറയപ്പെടുന്നു. എല്ലാവരും കസ്റ്റംസ് ഡ്യൂട്ടി അടക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ കുറെ കാലങ്ങളായി പ്രവാസി മലയാളികളില്‍ ചിലര്‍ കാണിച്ചു വരുന്ന യഥാര്‍ഥ ബോക്‌സ് മാറ്റിയുള്ള പാക്കിംഗ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഡ്യൂട്ടി കുറയാനായി വില കൂടിയ പുതിയ സെറ്റുകള്‍ വില കുറഞ്ഞ ബ്രാന്റുകളുടെ പഴയ പാക്കറ്റുകളിലേക്ക് മാറ്റി നാട്ടിലേക്ക് കൊണ്ടു പോവുകയാണ് പലരും ചെയ്യുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്ന ഇത്തരം പാക്കിംഗ് ഉദ്യോഗസ്ഥര്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈയ്യിടെ യു എ ഇയില്‍ നിന്നും കേരളത്തിലെത്തിയ ഒരു കുടുംബം ഇത്തരത്തില്‍ കൊണ്ടു പോയ ടെലിവിഷന്‍ സെറ്റിന്റെ പെട്ടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് അകത്തെ വില കൂടിയ കമ്പനിയുടെ പുതിയ സെറ്റ് കണ്ടെത്തിയിരുന്നു. താരതമ്യേന ഗുണനിലവാരമില്ലാത്ത വില കുറഞ്ഞ കമ്പനിയുടെ പഴയ പാക്കറ്റിലാക്കിയാണ് ഇവര്‍ പുതിയ സെറ്റ് കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി തങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതാണിതെന്നും വില കുറഞ്ഞ കമ്പനിയുടേതാണെന്നും യാത്രക്കാരന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ പറഞ്ഞു ധരിപ്പിച്ചു. എന്നാല്‍, സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ പാക്കറ്റ് അഴിപ്പിക്കുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന വില കൂടിയ പുതിയ സാധനം കണ്ടെത്തിയതോടെ യാത്രക്കാരന്‍ പരുങ്ങലിലായി. ഒടുവില്‍ യഥാര്‍ഥ വിലയുടെ 30 ശതമാനം ഡ്യൂട്ടി അടച്ചാണ് ഉദ്യോഗസ്ഥര്‍ സാധനം വിട്ടു നല്‍കിയത്.