ഇന്ത്യയില്‍ എത്ര സ്വവര്‍ഗാനുരാഗികള്‍? സുപ്രീം കോടതി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ എത്ര സ്വവര്‍ഗാനുരാഗികള്‍ ഉണ്ടെന്നുള്ള കൃത്യമായ കണക്കാ അറിയിക്കണമെന്ന്  കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇവരില്‍ എത്രപേര്‍ എയ്ഡ്‌സ് രോഗികളാണെന്ന കണക്കും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സ്വവര്‍ഗരതി വിരുദ്ധരും രാഷ്ട്രീയ സാമൂഹിക മതസംഘടനകളും സമര്‍പ്പിച്ച ഹര്‍ജികളിലെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സ്വവര്‍ഗാനുരാഗികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് രോഗികളാണ്. ഇത് രാജ്യത്തിന് ഭീഷണിയാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.  ഇതിനാലാണ് ഈ കണക്കുകള്‍ ആവശ്യപ്പെട്ടത്.

 
മുമ്പ് ഹരജി പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിരുദ്ധ നിലപാട് വിവാദമായിരുന്നു. ഇതിനെ സുപ്രീംകോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗം അധാര്‍മികമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സ്വവര്‍ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നൂവെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റി. ഇത്തരെ സ്ഥിരതയില്ലാത്ത നിലപാടുകളെടുക്കുന്ന കേന്ദ്ര സര്‍ക്കാറിനെ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.

 

സ്വവര്‍ഗരതി നിയമവിധേയമാണെന്ന ഹൈക്കോടതി വിധി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയത് ബി.ജെ.പി. നേതാവ് ബി.പി. സിംഗാള്‍,  അഖിലേന്ത്യാ മുസ്‌ളിം വ്യക്തിനിയമബോര്‍ഡ്, ഉത്കല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, അപ്പോസ്തലിക് ചര്‍ച്ചസ് അലയന്‍സ് തുടങ്ങി നിരവധി മത സാമൂഹ്യ ഗ്രൂപ്പുകളാണ് .