ഇന്ത്യയിലേക്കുള്ള ഫത്ഹുല്‍ ഖൈറിന്റെ യാത്രയുടെ റജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

DSC_0455ദോഹ: ഇന്ത്യയിലേക്കുള്ള ഫത്ഹുല്‍ ഖൈറിന്റെ യാത്രയുടെ റജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. ഒക്‌ടോബറില്‍ നടത്തുന്ന യാത്രയില്‍ 26 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ഫത്ഹുല്‍ ഖൈറിന്റെ രണ്ടാം സീസണ്‍ യാത്ര പ്രഖ്യാപിച്ചതോടെ യുവാക്കള്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കത്താറയ്ക്ക് കീഴിലെ തീരവകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹിത്ത്മി വ്യക്തമാക്കി.

മിസൈമീര്‍ തുറമുഖത്തുനിന്നും ആവശ്യമായ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയ പരമ്പരാഗത നൗക ഖത്തരക് മ്യൂസിയം അതോറിറ്റിക്ക് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഡീഷണല്‍ ബോട്ട്‌സില്‍ എത്തിച്ചിട്ടുണ്ട്. കത്താറ തീരത്തു നിന്നാണ് നൗക പുറപ്പെടുക.

റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ നടക്കുന്ന നിര്‍ബന്ധിത ശാരീരിക ക്ഷമതാ പരീക്ഷകള്‍ വിജയിക്കുന്നവരെ മാത്രമേ യാത്രയ്ക്ക് തെരഞ്ഞെടുക്കുയുള്ളു.

വ്യത്യസ്ത തലങ്ങളിലുള്ള ഏഴ് പരീക്ഷകള്‍ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ വിജയിക്കേണ്ടതുണ്ട്. 100 മീറ്റര്‍ നീന്തല്‍, 50 കിലോഗ്രാം ഭാരം ഉയര്‍ത്തല്‍, കയറിലൂടെ അഞ്ച് മീറ്ററോളം വലിഞ്ഞു കയറല്‍, നിരപ്പല്ലാത്ത മരപ്പലകയിലൂടെ അഞ്ച് മീറ്റര്‍ നടത്തം, പ്രഥമ ശുശ്രൂഷ തുടങ്ങിയ പരീക്ഷകളും യാത്രക്കാര്‍ വിജയിക്കേണ്ടതുണ്ട്.

പരീക്ഷകളില്‍ 70ല്‍ 45 പോയിന്റ് നേടുന്നവരാണ് വിജയിക്കുക.

32 വര്‍ഷം പഴക്കമുള്ള നൗകയിലാണ് സംഘം ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. 45 മീറ്റര്‍ നീളമുള്ള ഉരു ഇന്‍ഫര്‍മേഷന്‍ ആന്റ് ടൂറിസം മന്ത്രാലയത്തിന്റെ ടൂറിസം ട്രിപ്പുകള്‍ പ്രമോട്ട് ചെയ്യാന്‍ 1983ലാണ് അമീരിയ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മിച്ചത്.

ഒക്‌ടോബര്‍ ഒന്നിന് ഖത്തറില്‍ നിന്നും പുറപ്പെടുന്ന നൗക നവംബര്‍ 17നാണ് തിരികെയെത്തുന്ന വിധത്തില്‍ 48 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒമാന്‍ വഴിയാണ് നൗക ഇന്ത്യയിലേക്കും തിരിച്ച് ഖത്തറിലേക്ക് യാത്ര ചെയ്യുന്നത്.

ഫതഹുല്‍ ഖൈറിന്റെ രണ്ടാമത്തെ യാത്രയാണിത്. 2013 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 18 വരെ നടത്തിയ ആദ്യ യാത്രയില്‍ അയല്‍ രാജ്യങ്ങളായ സഊദി അറേബ്യ, ബഹറൈന്‍, ഒമാന്‍, കുവൈത്ത്, യു എ ഇ എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്.