ഇന്ത്യന്‍ മുജാഹിദിന്റെ ഹിറ്റ്‌ലിസ്റ്റില്‍ നരേന്ദ്ര മോദി ഒന്നാമത്

narendra_modiദില്ലി : നരേന്ദ്ര മോദിയുടെ പഞ്ചാബിലെ റാലിക്ക് നേരെ സ്‌ഫോടനം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ കുറിച്ചുള്ള മുന്നറിയിപ്പ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പഞ്ചാബ് പൊലീസിന് കൈമാറി. ഇന്ത്യന്‍ മുജാഹിദിന്റെ ഹിറ്റ്‌ലിസ്റ്റില്‍ മോദിയുടെ പേര് ഒന്നാമതാണെന്നും അതുകൊണ്ട് തന്നെ മോദിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്നും ഐബി വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം എട്ടിനാണ് മോദിയുടെ പഞ്ചാബ് റാലി.

പാട്‌നയില്‍ മോദിയുടെ റാലിക്ക് നേരെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 6 പേര്‍ മരിച്ചിരുന്നു. ഇതിന് പിറകെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

നേരത്തെ മോദിക്ക് എസ്പിജി സംരംക്ഷണം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോദിക്ക് ശക്തമായ സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും അത് തുടര്‍ന്നാല്‍ മതിയെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.