ഇനി മുസ്ലിം വനിതാ ഖാദിമാരും

downloadദില്ലി: രാജ്യത്ത്‌ ആദ്യമായി മഹല്ലുകളില്‍ മുസ്ലിം വനിതാ ഖാദിമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം വനിതാ സംഘടന രംഗത്ത്‌. അഹമദാബാദിലെ സാകിയ സോമനും മുംബൈലിലെ സഫിയ നിയാസും നേതൃത്വം നല്‍കുന്ന ഭാരതീയ മുസ്ലിം മഹിളാ ആന്ദോളനാണ്‌ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. വനിതാ ആക്ടിവിസ്റ്റുകളും പണ്ഡിതകളും ചേര്‍ന്ന്‌ മുന്നോട്ടുകൊണ്ടുപോകുന്ന ഇസ്ലാമിക ലോകത്തെ സ്‌ത്രീപക്ഷവാദ പ്രസ്ഥാനത്തിന്റെ ഭാഗമാണ്‌ പദ്ധതിയെന്ന്‌ സംഘാടകരായ സാകിയയും സഫിയയും പറഞ്ഞു.

മനുഷ്യാവകാശങ്ങളിലും ലിംഗസമത്വത്തിലും വിശ്വാസമില്ലാത്ത യാഥാസ്ഥിതിക മതവാദികള്‍ അട്ടിമറിച്ച ഇസ്ലാമിന്റെ മാനുഷികവും നീതിപൂര്‍വകവും സമാധാനപൂര്‍ണവുമായ മുഖം സമൂഹസമക്ഷം അവതരിപ്പിക്കുകയെന്ന ദൗത്യമാണ്‌ ഏറ്റെടുത്തിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ഇസ്ലാമിക ദൈവ ശാസ്‌ത്ര പഠനത്തിന്‌ ലക്ഷ്യമിട്ട്‌ സംഘടന സ്ഥാപിച്ച്‌ ദാറുല്‍ ഉലൂം നിസ്വാന്‍ കേന്ദ്രീകരിച്ചായിരിക്കും വനിതാ ഖാദിമാര്‍ക്ക്‌ പരിശീലനം നടക്കുകയെന്ന്‌ ഇരുവരും അറിയിച്ചു.

രാജസ്ഥാനിലെ ജയ്‌പൂരിലാണ്‌ ഖാദിയാകുന്നതിന്‌ വനിതകള്‍ക്കുള്ള പരിശീലനം നല്‍കുക. ഖാദിമാരാവാന്‍ തയ്യാറെടുത്ത 30 പേര്‍ക്കാണ്‌ ദാറുല്‍ ഉലൂം നിസ്വാന്‍ ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുകയെന്നും പരിശീലന പരിപാടിയുടെ ഭാഗമായി ഇസ്ലാമിലെ ലിംഗസമത്വം, ഇതരരാജ്യങ്ങളിലെ കുടുംബ നിയമങ്ങള്‍ എന്നിവയില്‍ ഖാദിമാരെ അവഗാഹമുള്ളവരാക്കുമെന്നും ഇവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.