ഇനി  ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവുശിക്ഷ

അഹമ്മദാബാദ് : പശുക്കളെ കൊല്ലുന്നവര്‍ക്കു ജീവപര്യന്തം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. നിയമസഭ സമ്മേളനത്തിന് അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമ ഭേദഗതി പാസായത്.

2011ല്‍ നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവെ പശുക്കളെ കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ജയില്‍ശിക്ഷയുള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്.

ഇതു കൂടാതെ പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. 2011ലാണ് പശുക്കളെ കൊല്ലുന്നതിനും കടത്തുന്നതിനും ഗുജറാത്തില്‍ നിരോധനമേര്‍പ്പെടുത്തിയത്.