ഇത് അനാവശ്യ സമരമല്ല

തിരു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, പി.ജി വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധ ഗ്രാമീണ സേവനം ഉറപ്പുവരുത്തുന്നതിനായി ബോണ്ട് സംവിധാനം എര്‍പ്പെടുത്താനുള്ള ആരോഗ്യ മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ചും ബോണ്ട് സംവിധാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഡോക്ടര്‍മാരും ഹൗസര്‍ജന്‍മാരടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിനൊരുങ്ങുകയാണ്.ഏപ്രില്‍ 11 മുതല്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം.  കേരളാ മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇത് മെഡിക്കല്‍ കോളേജുകളിലെ ചികിത്സാ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും. ഇത്തരമൊരു സമരത്തിലേക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാനുണ്ടായ സാഹചര്യത്തെ കുറിച്ച് മെഡിക്കോസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജിനേഷ്. പി.എസ് പ്രതികരിക്കുന്നു.

 

നിര്‍ബന്ധിത സേവനം നടപ്പിലാക്കാന്‍ മുതിരുന്ന ഗവണ്‍മെന്റ് നീക്കത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പൊതുജനങ്ങള്‍ മനസ്സിലാക്കണം. ഇത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ എന്നതിനേക്കാള്‍ പൊതുജനത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്. ആരോഗ്യമേഖലയില്‍ സ്ഥിരമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനു പകരം ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നത് മൂലം സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരഡോക്ടര്‍മാര്‍ അധികം വൈകാതെ തന്നെ ഇല്ലാതാകും. പൊതു ജനങ്ങള്‍ക്ക് പരിചയസമ്പന്നരായ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാതാകും. ഇത് കൊടിയ ജനവഞ്ചനയാണ്. ഇത് മറച്ചു വെക്കാന്‍ ഒരു പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്ഥിരമായി ഡോക്ടര്‍മാരെ കിട്ടാനില്ല എന്ന് പറയുന്നത് വലിയ നുണയാണ്. 800 ലധികം ഒഴിവുകള്‍ നികത്താനായി രണ്ടു വര്‍ഷം മുമ്പ് നടത്തിയ പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇപ്പോഴും നിലവിലുണ്ട്. ഇതിലെ ഓപ്പണ്‍ കാറ്റഗറിയില്‍ നിന്നും ഇത് വരെ 600 ആളുകളെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. സ്ഥിരനിയമനം നടത്താന്‍ സര്‍ക്കാറിന് താല്പര്യമില്ല എന്നതാണ് വാസ്തവം. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ കോണ്‍ട്രാക്റ്റ് ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല എന്നതാണ് ഒരു കാരണം.
ആരോഗ്യമേഖലയേയും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയേയും തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കാലങ്ങളായി സ്വീകരിച്ചു വരുന്നത്. മെഡിക്കല്‍ കോളേജുകളില്‍ പതിനഞ്ചു കൊല്ലത്തിലധികമായി പല വിഭാഗങ്ങളിലും ഒഴിവുകള്‍ സ്ഥിരം നിയമനം നടത്തിയിട്ടില്ല. ഈ അവസ്ഥയില്‍ മെഡിക്കല്‍ കോളേജുകളില്‍ സുത്യര്‍ഹമായ സേവനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആശ്രയിച്ചാണ് സാധാരണക്കാരുടെ അവസാന അത്താണിയായ ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത്.
ഈ വസ്തുതകളോട് പുറം തിരിഞ്ഞു നിന്നിട്ട് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്നു എന്ന് പറയുന്ന കോടികളുടെ ഊതിപെരുപ്പിച്ച കണക്ക് കാണിച്ച് ഈ അനീതിയെ ന്യായീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെയും വാസ്തവം ജനങ്ങള്‍ മനസ്സിലാക്കണം. മെഡിക്കല്‍ കോളേജില്‍ പ്രതിവര്‍ഷം വരുന്ന രോഗികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ ആവശ്യമായ പണം പോലും സര്‍ക്കാര്‍ ഈ മേഖലയില്‍ ചെലവാക്കുന്നില്ല എന്നതാണ് വാസ്തവം. ഈ മേഖലയില്‍ ചെലവാക്കപ്പെടുന്ന പണത്തിന്റെ 99 ശതമാനവും ചികില്‍സക്ക് വേണ്ടിയാണ് ചിലവാക്കപ്പെടുന്നത്.

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ മാത്രമായി ചെലവാക്കുന്ന പണം മറ്റേതു മേഖലകളെക്കാളും കുറവാണ് എന്നതാണ് വാസ്തവം. ഇതാകട്ടെ ഡോക്ടര്‍മാരെ മാത്രം പഠിപ്പിക്കാന്‍ ചിലവാക്കുന്നവയല്ല. ഇതേ സൗകര്യങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് നേഴ്‌സുമാര്‍ക്കും മറ്റു പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നത്. ഈ മേഖലകളിലൊന്നും തന്നെ ബോണ്ട് സമ്പ്രദായം നിലവിലില്ല. ഇവിടെ അധ്യാപകര്‍ക്ക് കൊടുക്കുന്ന ശമ്പളം പോലും രോഗി ചികിത്സയുടെ ഭാഗമായിട്ടു കൂടിയാണ് ചെലവഴിക്കുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും പഠനത്തിന്റെ ഭാഗമായി ഇത്രയേറെ ജനസേവനം നടത്തുന്ന മറ്റു മേഖലകള്‍ വിരളമാണ്.
കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഇന്ന് നിലവിലുള്ള പഠനസൗകര്യങ്ങള്‍ ശോചനീയമാണ്. പല മെഡിക്കല്‍ കോളേജുകളിലും ലക്ചര്‍ ഹാളുകളും മറ്റും നവീകരിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പണം പിരിച്ചാണ്. മിക്കയിടങ്ങളിലും ക്ലാസെടുക്കാന്‍ ആവശ്യമായ അധ്യാപകരില്ല. മെഡിക്കല്‍ കൗണ്‍സില്‍പരിശോധനക്ക് വരുമ്പോള്‍ അധ്യാപകരെ താല്‍ക്കാലികമായി സ്ഥലം മാറ്റിയാണ് മിക്ക കോളേജുകളുടെയും അംഗീകാരം തന്നെ നിലനിര്‍ത്തുന്നത്. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു താരതമ്യേന ഉയര്‍ന്ന ഫീസ് വാങ്ങുകയും കുറഞ്ഞ സ്റ്റെപ്പന്റ് നല്‍കുകയും ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഈ മേഖലയില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉള്ള സ്ഥാപനങ്ങള്‍ പോലും തുച്ഛമായ ഫീസ് വാങ്ങുകയും ഇതിലും ഇരട്ടിയോളം സ്റ്റെപ്പന്റ് നല്‍കുകയും ചെയ്യുന്നു. അവിടെയൊന്നും നിലവില്‍ ബോണ്ട് വ്യവസ്ഥയില്ല. ഈ വസ്തുതകള്‍ മറച്ചു വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ബോണ്ട് വ്യവസ്ഥയുമായി മുന്നോട്ടു പോകുന്നത്.
ബോണ്ട് വ്യവസ്ഥക്കും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കുന്നതിനുമെതിരെ രാജ്യത്തെ പരമോന്നത കോടതികള്‍ തന്നെ ഈ അടുത്ത് രംഗത്തു വന്നിരുന്നു. നഴ്‌സിംഗ് മേഖലയില്‍ ബോണ്ട് സമ്പ്രദായത്തിനു എതിരായി സര്‍ക്കാറിന്റെ തന്നെ വകുപ്പുകള്‍ രംഗത്ത് വന്നിരിക്കുന്നു. ഇതേ സര്‍ക്കാര്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വക്കുകയും ചെയ്യുന്നത് നീതിക്ക് നിരക്കാത്തതാണ്. ഇതിനെ ഭരണകൂട ഗുണ്ടായിസം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. ഡോക്ടര്‍മാര്‍ ഒരു വലിയ വോട്ടുബാങ്ക് എല്ല എന്നു കണ്ടു ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിനു ദോഷമേ വരുത്തൂ.

നിര്‍ബന്ധിത സേവനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലപ്രദമാകില്ല എന്ന് വിവിധമേഖലകളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിവുറ്റ വ്യക്തികളെ ഈ മേഖലയില്‍ നിന്നും അകറ്റാന്‍ മാത്രമേ ഇതുപകരിക്കൂ. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പോലെ ഗ്രാമീണസേവനം നടപ്പിലാക്കിയാല്‍MBBS കഴിയുമ്പോള്‍ 7 ഉം PG കഴിയുമ്പോള്‍ 11 ഉം Super Specialty കഴിയുമ്പോള്‍ 14 ഉം വര്‍ഷം കഴിഞ്ഞിരിക്കും. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന സ്റ്റെപ്പന്റ് വെച്ച് നോക്കിയാല്‍ 32 വയസ്സിനു ശേഷവും മാതാപിതാക്കളെ ആശ്രയിച്ചുവേണം ജീവിക്കാന്‍. ഈ സാഹചര്യത്തില്‍ വരും തലമുറയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ മറ്റുമേഖലകളിലേക്ക് തിരിഞ്ഞാല്‍ അതില്‍ എന്താണ് അത്ഭുതം.

മറ്റൊരു വസ്തുത PG, Super Specialty വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയം സേവനം നടത്തുന്നവരാണ് എന്നതാണ്. ഇവരോട് പിന്നെയും ഒരു വര്‍ഷം വീതം നിര്‍ബന്ധിത സേവനം നടത്തണം എന്ന് പറയുന്നതില്‍ എന്താണ് ന്യായം. ആരോഗ്യപവകുപ്പില്‍ ഈയിടെ രൂപീകരിച്ച സ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് സര്‍വ്വീസില്‍ ഉള്ള ഡോക്ടര്‍മാരുടെ നീണ്ട വെയ്റ്റ് ലിസ്റ്റ് നിലനില്‍ക്കെയാണിത്. മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ സ്ഥിരജോലിയില്‍ ചേരാന്‍ ഡോക്ടര്‍മാരുടെ നീണ്ടനിരതന്നെ സജ്ജമാണ്. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനായി കാലങ്ങളായി മിക്ക വിഭാഗങ്ങളിലും സ്ഥിരം നിയമനം നടത്തിയിട്ടില്ല. സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള നയങ്ങള്‍ നമ്മുടെ ആരോഗ്യ മേഖലയെ താറുമാറാക്കികൊണ്ടിരിക്കുകയാണ്.

ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ആരോഗ്യമേഖലയിലും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും നിലവിലുള്ള ഒഴിവുകളിലേക്ക് അടിയന്തിരമായി നിലവിലുള്ള ലിസ്റ്റില്‍ ബാക്കിയുള്ളവരെ നിയമിക്കുകയും ലിസ്റ്റ് നിലവിലില്ലാത്ത തസ്തികകളിലേക്ക് പരീക്ഷ നടത്തി സത്വരമായ നിയമനം നടത്തുകയുമാണ്. കാലോചിതമായി തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പം ആശുപത്രികളില്‍ ചിലവഴിക്കുന്ന പണം ശരിയായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും ഇടനിലക്കാരും ചേര്‍ന്ന് പണം അപഹരിക്കുന്ന്ത് ഒഴിവാക്കാനായി സോഷ്യല്‍ ഓഡിറ്റ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കണം. ഇത്തരം നടപടികളിലൂടെ മദ്ധ്യവര്‍ഗ്ഗത്തെ കൂടുതലായി ആകര്‍ഷിക്കാന്‍ നടപടി ഉണ്ടാക്കണം. സംസ്ഥാനത്തിന്റെ ആരോഗ്യനയം തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വിട്ടുകൊടുക്കണം. അനാവശ്യമായ ഉദ്യോഗസ്ഥ – രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. അനിയന്ത്രിതമായി സ്വകാര്യ ആശുപത്രികളും ലാബുകളും അനുവദിക്കുന്ന നയം തിരുത്തണം.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം ദു:സ്സഹമാക്കുന്ന നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. PG വിദ്യാര്‍ത്ഥികളുടെ maternityആനുകൂല്യങ്ങള്‍ പോലും ഈയിടെ വെട്ടിക്കുറച്ച നടപടി ഇത്തരത്തില്‍ ഒന്നാണ്.Residency system  നടപ്പാക്കിയപ്പോള്‍ ഒരുക്കേണ്ട താമസ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇനിയും നടപ്പിലാക്കിയിട്ടില്ല. മെഡിക്കല്‍ കോളേജുകളെ referral center ആക്കുന്നതിന് ജില്ലാ ആശുപത്രികളിലും മറ്റും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടിയും എവിടെയും എത്തിയില്ല. 2008 ല്‍ ഉണ്ടാക്കിയ മൊത്തം പഠനകാലയളവിന് ഒരു കൊല്ലം സര്‍ക്കാര്‍ സേവനം എന്ന ധാരണ സര്‍ക്കാര്‍ ഏക പക്ഷീയമായി ലങ്കിക്കുകയാണ് ഉണ്ടായത്.
തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചക്ക് ശ്രമം നടത്തി. എന്നാല്‍ ഇതിനു പോലും തയ്യാറാകാത്ത ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെയും മന്ത്രിയുടെയും നടപടിയിലൂടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഓരോ വര്‍ഷവും നിര്‍ബന്ധിതനായി ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന പുതുമുഖങ്ങളാല്‍ എങ്ങനെയാണ് സുതാര്യമായ ഒരു ആരോഗ്യ
സമൂഹം കെട്ടിപ്പടുക്കുക.

നീട്ടിയും കുറുക്കിയുമുള്ള ഇന്നത്തെ ആരോഗ്യമേഖലയിലെ തിരുത്തലുകള്‍ സമൂഹത്തിന് ഓരോ വര്‍ഷത്തേക്കു മാത്രം മിന്നിമായുന്ന വെള്ള കോട്ടിട്ട പറവകളെ അഥവാ നിര്‍ബന്ധിത സേവകരെ സമ്മാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വേരറ്റുപോകുന്നത് സുതാര്യമായ ഒരു സാമൂഹിക ആരോഗ്യവ്യവസ്ഥിതിയാണ്.

ഇന്നത്തെ പുതിയ ബോണ്ട് വ്യവസ്ഥപ്രകാരം വലിച്ചു നീട്ടുന്ന നിര്‍ബന്ധിത സേവനം നമ്മളോരോരുത്തരേയുമാണ് ചങ്ങലകളില്‍ ബന്ധിക്കുന്നത്. ഇത് ഇന്നത്തെ സമൂഹത്തിന്റെ പ്രശ്‌നമാണ്. ഈ വ്യവസ്ഥക്കെതിരെ നമുക്കൊരുമിച്ച് നില്‍ക്കാം.