ഇത്തവണ ‘നെറ്റ്’ പരീക്ഷാര്‍ത്ഥികളെ വലച്ചു.

കോഴിക്കോട്: ഇന്നു നടന്ന ആര്‍ട്‌സ് കൊമേഴ്‌സ് വിഷയങ്ങള്‍ക്കുള്ള യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ(നെറ്റ്) പരീക്ഷാര്‍ത്ഥികളെ ശരിക്കും വലച്ചെന്നാണ് ആദ്യ റിപ്പോര്‍ട്ട്. കടുപ്പമേറിയ ചോദ്യങ്ങളാണെന്നു മാത്രമല്ല ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഒബ്ജക്ടിവിറ്റിയില്ലാത്ത ചോദ്യങ്ങളാണ് പലതുമെന്നാണ് പരീക്ഷാര്‍ത്ഥികളുടെ പരാതി.

പരീക്ഷയുടെ രണ്ടുദിവസം മുമ്പ് യുജിസി നെറ്റിനെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പുതിയ മാനദണ്ഡവും വിനയാകുമോ എന്ന ആശങ്കയിലാണ് ഇവര്‍. പുതിയ മാനദണ്ഡമനുസരിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന 15ശതമാനം പേരെയെ യോഗ്യതയുളളവരായി പരിഗണിക്കൂ.

2012 ജൂണില്‍ നടന്ന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ നിയമ കോലാഹലങ്ങളാണ് അധികാരികളെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഈ പരീക്ഷയില്‍ രണ്ടു തവണ ഫലം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നും ഇതിനെ കുറിച്ചുള്ള പരാതികള്‍ കോടതിയില്‍ നിലവിലുണ്ട്. പരീക്ഷയ്ക്കുശേഷം മാനദണ്ഡം പ്രഖ്യാപിക്കുന്നതിനെതിരെയാണ് പലരും പരാതി നല്‍കിയിരിക്കുന്നത്.