ഇങ്ങനെയും തോല്‍ക്കാം!

ആസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് പരാജയം!. 292 റണ്‍സിന്റെ വിജയ ലക്ഷ്യവും ആവശ്യത്തിലേറെ സമയവുമുണ്ടായിരുന്ന ഇന്ത്യന്‍ സംഘത്തിന് ഈ തോല്‍വി ന്യായികരിക്കാനാവില്ല.
സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് മാത്രമാണോ ടീം കളിക്കുന്നതെന്ന് തോന്നിപോകുന്നു ഇപ്പോള്‍. ഏറെ താമസിയാതെ ആ നേട്ടം സച്ചിന് സ്വന്തമായേക്കാം. പക്ഷേ, കയ്യെത്തും ദൂരത്ത് ഈ ടെസ്റ്റ് കൈവിട്ട് നമ്മള്‍ ഇങ്ങനെയും തോല്‍ക്കുമെന്ന് തെളിയിച്ചു.
ടോസ് നേടിയ ഓസിസ് ഇന്ത്യയെ ഫീല്‍ഡിംഗിനയച്ചത് അവസാനത്തെ ദിവസങ്ങളിലെ ബാറ്റിംഗ് ദുഷ്‌കരമാവുമെന്ന് കണ്ടു കൊണ്ടായിരിക്കണം. അരങ്ങേറ്റക്കാരന്‍ കോവനും വമ്പനടിക്കാരന്‍ വാര്‍ണറും ക്ഷമയോടെ തുടങ്ങിയെങ്കിലും 50 റണ്‍സിനിടെ അവരുടെ 2 വിക്കറ്റുകള്‍ വീണു.പിന്നീട് പോണ്ടിംഗിലൂടെ നിവര്‍ന്നുനിന്ന ഓസിസ് 333 റണ്‍സിന് പുറത്തായി. സഹീര്‍ ഖാന്‍ 4 വിക്കറ്റ് നേടി. തുടര്‍ന്ന് ലോകം കാത്തുനിന്നഇന്നിംഗ്‌സ് . പ്രതീക്ഷയെല്ലാം പതിവുപോലെ സച്ചിനില്‍! പിന്നെ സെവാഗ്, ദ്രാവിഡ്, ലക്ഷമണ്‍…..! ലോക ക്രിക്കറ്റില്‍ മറ്റേതു ടീമിനുണ്ട് ഇത്തരമൊരു ബാറ്റിംഗ് നിര?
സെവാഗ് , ദ്രാവിഡ് കൂട്ടുകെട്ട് പ്രതീക്ഷനല്‍കി. പിന്നീട് സച്ചിന്‍ നൂറാം സെഞ്ച്വറി നേടിയില്ലെങ്കിലും നല്ലൊരു ഇന്നിംഗ്‌സ് കളിച്ചാണ് സച്ചിന്‍ പുറത്തായത്. 214 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്ന നമ്മള്‍ 282 റണ്‍സിന് പുറത്തായി യുവ ബൗളര്‍ ഹില്‍ഫെനാസിന് മുന്നില്‍ കിടയറ്റ ബാറ്റിംഗ് നിര തലകുനിച്ചു.
51 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ഓസിസ് പക്ഷെ, രണ്ടാമിന്നിംഗ്‌സില്‍ പതറി. ഉമേഷ് യാദവ് എന്ന ചെറുപ്പക്കാരന്റെ ലൈനിനും ലെംഗ്തിനും മുന്നില്‍ പതറിയ അവര്‍ക്ക് 27 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി. മുതിര്‍ന്ന കളിക്കാരായ ഹസിയും പോണിംഗും ചേര്‍ന്ന് ടെസ്റ്റിനെ ‘സ്‌പേര്‍ട്ടിംഗ്’ മൂഡിലുള്ള ടാര്‍ജറ്റില്‍ എത്തിച്ചു. ഇന്ത്യക്ക് ജയിക്കാന്‍ 292 റണ്‍സ്!.
ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലായി, മനസ്സില്‍ കിടയറ്റ ബാറ്റിംഗ് നിര! വീരു, ദ്രാവിഡ്, സച്ചിന്‍… പക്ഷെ, ‘എവിടെ’? സംഗതികളെല്ലാം ‘ചടപടാന്ന്’ അവസാനിച്ചു. ഏറെ താമസിയാതെ ഓസ്‌ട്രേല്യന്‍ പേസര്‍മാര്‍ എല്ലാം ചുരുട്ടിക്കെട്ടി.
പാവം ആരാധകര്‍! മനസ്സില്‍ പറഞ്ഞു;’ നമ്മള്‍ക്കിങ്ങനെയും തോല്‍ക്കാനറിയാം!’.

Related Articles