ഇക്വഡോറില്‍ ഭൂചലനം: 77 മരണം; സുനാമി മുന്നറിയിപ്പ്

ക്വിറ്റോ: ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 77 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായിരിക്കുന്നത്. ചലനത്തില്‍ നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും തകര്‍ന്നു.

ഫ്‌ളൈ ഓവറുകള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്. പെസഫിക് സുമാനി വാണിങ് സെന്റര്‍ ഇക്വഡോര്‍, കൊളംബിയ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് പറഞ്ഞു. തീരദേശ പട്ടണമായ മ്യൂസ്‌നെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ക്വിറ്റോയില്‍ ഭൂചലനം 40 സെക്കന്‍ഡ് നീണ്ടുനിന്നു. ഇക്വഡോറില്‍ ഒരു ദശാബ്ദത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്.