ആശുപത്രിയുടെ അനാസ്ഥ; മുപ്പതോളം പേര്‍ക്ക് കാഴ്ച്ച നഷ്ടമായി.

അങ്കമാലി: ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ നിന്നും. കണ്ണിന് ശസ്ത്രക്രിയ നടത്തിയ മുപ്പതോളം രോഗികളുടെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടമായി. കഴിഞ്ഞ ഡിസംബര്‍ 6,10,13 എന്നീ തിയ്യതികളില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കാണ് കാഴ്ച്ചശക്തി നഷ്ടമായത്.
ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണിന് അസഹനീയമായ വേദന അനുഭവപ്പെടുകയായിരുന്നുവെന്ന് രോഗികള്‍ പറയുന്നു. തുടര്‍ന്ന് രോഗികള്‍ ആശുപത്രി അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ കണ്ണില്‍ ഉണ്ടായ അണുബാധയാണ് വേദനയ്ക്ക് കാരണമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചെറിയ മങ്ങല്‍ മാത്രമുണ്ടായിരുന്ന പലരുടെയും കണ്ണിന്റെ കാഴ്ച്ചശക്തി പൂര്‍ണ്ണമായി നഷ്ടമാവുകയായിരുന്നു.
സംഭവം പുറത്തറിയിക്കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ സൗജന്യമായി ഇവരില്‍ പലര്‍ക്കും ചികില്‍സ വാഗ്ദാനം ചെയ്യുകയുണ്ടായതായും രോഗികള്‍ പറയുന്നു.
ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നടപടി ഒരു പറ്റം ആളുകളുടെ ജീവിതം തന്നെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്.