ആഴ്‌ചകള്‍ കഴിഞ്ഞിട്ടും ദോഹയില്‍ ആത്മഹത്യ ചെയ്‌ത യുവതിയുടെ സ്‌പോണ്‍സറെ കണ്ടെത്താനായില്ല

Untitled-1 copyദോഹ: ആത്മഹത്യ ചെയ്ത ആന്ധ്രാ സ്വദേശിനിയുടെ സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഖത്തറില്‍ വീട്ടുജോലിക്കാരിയായിരുന്ന വിശാഖപട്ടണത്തിനടുത്ത പല്ലംകുരു സ്വദേശിനിയയ മല്ല ലളിതാമ്മയെ (45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സ്‌പോണ്‍സര്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ എംബസി അധികൃതരുടെ നേതൃത്വത്തില്‍ അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണ്. ഖത്തറിലെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിവരമറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 24 മുതല്‍ മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ സ്‌പോണ്‍സറെ കണ്ടെത്താനും മൃതദേഹം നാട്ടിലേക്കയക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്നാഴ്ചയായിട്ടും ഇവരുമായി ബന്ധമുള്ള ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഒരു മാസത്തിനിടെ ദോഹയില്‍ നാല് പ്രവാസികളാണ് ആത്മഹത്യ ചെയ്തത്. മല്ല ലളിതാമ്മ അടക്കം രണ്ട്് ഇന്ത്യക്കാരും രണ്ട്് നേപ്പാള്‍ സ്വദേശികളുമാണ് മരിച്ചത്.