ആറ്റിങ്ങല്‍ ഇരട്ടക്കൊല; പ്രതികള്‍കുറ്റക്കാര്‍;ശിക്ഷ വിധി നാളെ

imagesതിരുവനന്തപുരം: ആറ്റിങ്ങലില്‍ മുത്തശ്ശിയേയും പേരക്കുട്ടിയേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയുടെ മകളേയും, ഭര്‍തൃമതാവിനേയും കൊലപ്പെടുത്തിയ ഐടി ജീവനക്കാരന്‍ നിനോ മാത്യുവാണ് ഒന്നാം പ്രതി. നാല് വയസ്സുകാരി മകളെ അടക്കം കൊല്ലാന്‍ ഗൂഢാലോചന നടത്തിയ നിനോയുടെ കാമുകി അനുശാന്തി രണ്ടാം പ്രതിയാണ്. നിനോ മാത്യുവിനെതിരെ കൊലപാതകം, ഗൂഢാലോച, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നടത്തിയതായി കോടതി കണ്ടെത്തി. അനുശാന്തി കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും കോടതി നിരീക്ഷിച്ചു. ഇരുവര്‍ക്കുമുള്ള ശിക്ഷ നാളെയാണ് വിധിക്കുക.

2014 ഏപ്രില്‍ 16 നാണ് സംഭവം നടന്നത്‌. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ നിനോ മാത്യുവും കാമുകി അനുശാന്തിയും ഒരുമിച്ച് ജീവിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നാണ് കുറ്റപത്രം. ഇതിനായി 2014 ജനുവരി മാസത്തില്‍ അനുശാന്തി തന്റെ വീടിന്റെ സമഗ്ര ദൃശ്യങ്ങളും വീട്ടിലേക്ക് എത്താനുള്ള വഴികളും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി നിനോ മാത്യുവിന് കൈമാറിയിരുന്നു.തുടര്‍ന്ന് 2014 ഏപ്രില്‍ 16 ന് കൊലനടത്താനായി നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തി. അപ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വാസ്തികയും ഭര്‍ത്താവ് ലതീഷിന്റെ മാതാവ് ഓമനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ലതീഷിന്റെ സുഹൃത്താണെന്ന് നിനോ പറഞ്ഞതനുസരിച്ച് ഓമന ലതീഷിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ നിനോ നാല് വയസ്സുള്ള കുഞ്ഞിനേയും ഓമനേയും വെട്ടിക്കൊലപ്പെടുത്തി.

തൊട്ട് പിന്നാലെ വീട്ടിലെത്തിയ ലതീഷിന്റെ മുഖത്ത് നിനോ മുളക്‌പൊടി വിതറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനാല്‍ രക്ഷപെടുകയായിരുന്നു. ലതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലനടത്തിയ നിനോയെ തിരിഞ്ഞറിഞ്ഞ പൊലീസ് അന്ന് രാത്രി തന്നെ ഇയാളെ പിടികൂടി. തൊട്ട് പിന്നാലെ അനുശാന്തിയേയും പൊലീസ് അറസ്റ്റ് ചെയ്തു. 5 മാസം നീണ്ട വിചാരണക്ക് ഒടുവിലാണ് കോടതി ഇന്ന് വിധി പറയുന്നത്. 85 രേഖകളും, 41 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 49 സാക്ഷികളെയാണ് വിസ്തരിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിഎസ് വിനീത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.